'ലിയോ'യിലെ ആ രംഗം 'പേട്ട' കോപ്പി, ഒപ്പം ജയിലർ അംശവും; തെളിവുകൾ നിരത്തി രജനികാന്ത് ആരാധകർ
മികച്ച സ്ക്രീൻ കൗണ്ടോട് കൂടി ലിയോ പ്രദർശനം തുടരുന്നതിനിടെ കോപ്പിയടി ആരോപണവുമായി എത്തിയിരിക്കുകയാണ് രജനികാന്ത് ആരാധകർ.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വീണ്ടും വിജയ് നായകനാകുന്നു. ഈ ത്രെഡ് ആയിരുന്നു ലിയോ എന്ന സിനിമയിലേക്ക് പ്രേക്ഷകരെ ആകർക്ഷിച്ച ഘടകങ്ങളിൽ ഒന്ന്. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കഴിഞ്ഞ ദിവസം ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകരുടെ ആഘോഷങ്ങൾക്ക് അതിരില്ലായിരുന്നു. ആദ്യദിനം തന്നെ ബോക്സ് ഓഫീസിൽ റെക്കോർഡും വിജയ് ചിത്രം നേടി. എന്നാൽ പ്രൊമോഷൻ മെറ്റീരിയലുകൾ പുറത്തുവന്നപ്പോൾ ഉണ്ടായൊരു ആവേശം സിനിമ റിലീസ് ചെയ്ത ശേഷം സിനിമാസ്വാദകർക്ക് ലഭിച്ചോ എന്ന കാര്യത്തിൽ സംശയമാണ്. ഫസ്റ്റ് ഹാഫ് കസറിയപ്പോൾ, സെക്കൻഡ് ഹാഫിന് വേണ്ടത്ര പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചില്ല എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.
മികച്ച സ്ക്രീൻ കൗണ്ടോട് കൂടി ലിയോ പ്രദർശനം തുടരുന്നതിനിടെ കോപ്പിയടി ആരോപണവുമായി എത്തിയിരിക്കുകയാണ് രജനികാന്ത് ആരാധകർ. രജനികാന്തിന്റെ പേട്ട, ജയിലർ എന്നീ ചിത്രങ്ങളുമായാണ് ആരാധകരുടെ താരതമ്യം. ലിയോയിൽ ക്ലൈമാക്സ് ഫൈറ്റ് കഴിഞ്ഞ് മാസ് ലുക്കിൽ കസേരയിൽ വിജയ് ഇരിക്കുന്നൊരു രംഗമുണ്ട്. ഇത് പേട്ടയിലെ രംഗമാണെന്നാണ് രജനി ആരാധകർ പറയുന്നത്. ഈ സീനിൽ വിജയ്, ധരിച്ച ഷർട്ടിന്റെ നിറം, കളർ ഗ്രേഡിംഗ്, കസേരയും മുഴുവൻ സജ്ജീകരണവും എല്ലാം പേട്ട കോപ്പിയാണെന്ന് ഇവർ പറയുന്നു.
ലിയോയിൽ വിജയ് സിഗരറ്റ് വലിക്കുന്ന രീതി, ജയിലറിലെ രജനികാന്തിന്റെ രീതിയുമായി ബന്ധമുണ്ടെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. രണ്ട് ചിത്രങ്ങളിലെയും സീനുകൾ ഉൾപ്പെടുത്തിയാണ് താരതമ്യം. രജനികാന്ത് ആർമി പേജുകളിലാണ് ഇത്തരം കോപ്പി ആരോപണം ഉയരുന്നത്. രജനികാന്ത് ഫാൻ ആണ് വിജയി എന്നും അദ്ദേഹത്തെ അനുകരിക്കുന്നത് കൊണ്ട് ഒരു പ്രശ്നവും ഇല്ലെന്നുമാണ് ചിലർ കമന്റുകളായി രേഖപ്പെടുത്തുന്നത്. അതേസമയം, രജനികാന്തും വിജയിയും തമ്മിൽ യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും ആരാധകർ വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കുക ആണെന്ന് പറയുന്നവരും ഉണ്ട്. നേരത്തെ ലിയോ തീം മ്യൂസിക് കോപ്പിയടി ആണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.
കളക്ഷൻ കുതിപ്പിന് വിജയ് തയ്യാർ; കേരളത്തിൽ 'ജയിലറെ' വെട്ടി 'ലിയോ'; കണക്കുകൾ പറയുന്നത്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..