ചെന്നൈ: രജനി ഫാൻസ് ക്ലബ്ബിന്റെ സ്ഥാപകരിൽ ഒരാളായിരുന്ന മുത്തുമണിയ്ക്ക് സഹായവുമായി നടൻ രജനികാന്ത്.ശ്വാസകോശ സംബന്ധമായ രോ​ഗത്തെ തുടർന്ന് ചെന്നെെയിലെ രാജീവ് ​ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ് മുത്തുമണി. വിവരം അറിഞ്ഞ രജനികാന്ത് അദ്ദേഹത്തെ ഫോണിലൂടെ വിളിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. 

45 വർഷങ്ങൾക്ക് മുൻപാണ് മധുരെെ ജില്ലയിൽ രജനിയ്ക്ക് വേണ്ടി ആരാധകരെ ഒന്നിപ്പിച്ച് മുത്തുമണി സംഘടന തുടങ്ങുന്നത്. കഴിഞ്ഞ ഇരുപത് ദിവസങ്ങളായി താൻ വിഷാദത്തിലായിരുന്നുവെന്ന് മുത്തുമണി പറഞ്ഞതായി ടെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. താൻ ദെെവമായി കരുതുന്ന രജനികാന്തിന്റെ ശബ്ദം കേട്ടപ്പോൾ മനസ്സിന് സമാധാനം തോന്നുന്നുവെന്നും മുത്തുമണി കൂട്ടിച്ചേർത്തു. 

മുത്തുമണിയുടെ കുടുംബത്തിന് രജനികാന്ത് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്. മുത്തുമണിയെ വിളിച്ചതിന് പിന്നാലെ രജനികാന്തിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്.