ചെന്നൈ: ഡിസ്കവറി ചാനലിലെ മാൻ വേഴ്സസ് വൈൽഡ് പ്രോ​ഗ്രാമിന്റെ ചിത്രീകരണ സമയത്ത് പരിക്കേറ്റെന്ന വാർത്തയോട് പ്രതികരിച്ച് സ്റ്റൈൽ മന്നൻ രജനീകാന്ത്. മുള്ളു കൊണ്ടപ്പോഴുണ്ടായ ചെറിയ പോറലുകൾ മാത്രമേയുള്ളുവെന്നും തനിക്ക് കുഴപ്പമൊന്നുമില്ലെന്നും രജനീകാന്ത് വ്യക്തമാക്കി. ബിയർ ​ഗ്രിൽസ് അവതാരകനായി എത്തുന്ന ലോക പ്രശസ്ത സാഹസിക പരിപാടിയാണ് മാൻ വേഴ്സസ് വൈൽഡ്. കർണാടകയിലെ ദേശീയ ഉദ്യാനമായ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലാണ് പരിപാടിയുടെ ഷൂട്ടിം​ഗ് നടക്കുന്നത്. ഈ പരിപാടിയിൽ പങ്കെടുക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് രജനീകാന്ത്. കഴിഞ്ഞ ​വർഷം ഓ​ഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയായിരുന്നു ഈ പരിപാടിയിൽ അതിഥിയായി എത്തിയത്. 

പരിപാടിയുടെ ഷൂട്ടിം​ഗ് പൂർത്തിയായിക്കഴിഞ്ഞു. ചിത്രീകരണത്തിനിടയിൽ മുറിവുകളൊന്നും സംഭവിച്ചിട്ടില്ല. ചെറിയ മുള്ളുകൾ കൊണ്ട് പോറലുകൾ മാത്രമേയുള്ളൂ. അല്ലാതെ കുഴപ്പമൊന്നുമില്ല. ചെന്നൈ എയർപോർട്ടിൽ വച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ രജനീകാന്ത് വെളിപ്പെടുത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 28നും ജനുവരി 30നും ആറ് മണിക്കൂര്‍ സമയമാണ് ഷൂട്ടിങ്ങിന് അനുമതി നല്‍കിയിരുന്നത്.  അനുവാദമില്ലാതെ ഡ്രോണ്‍ ഉപയോഗിക്കുന്നത് കര്‍ണാടക വനം വകുപ്പ് വിലക്കിയിരുന്നു. വനസ്രോതസ്സുകളെയോ വന്യ ജീവികളെയോ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഷൂട്ടിങ് ടീമിന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്നും വനം വകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു.

ഈ പരിപാടിയിൽ രജനികാന്തിന് പുറമെ പ്രമുഖ വിദേശ താരങ്ങളും വിവിധ എപ്പിസോഡുകളിൽ എത്തുന്നുണ്ട്. ബ്രി ലാർസൻ, ജോയൽ മക്ഹാളെ, കാറ ഡെലെവിങ്നെ, റോബ് റിഗ്ഗിൾ, ആർമി ഹാമ്മർ, ഡേവ് ബോറ്റിസ്റ്റ എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്ന വിദേശ താരങ്ങൾ.