അണ്ണാത്തെ സംവിധായകന് സര്‍പ്രൈസ് ഗിഫ്റ്റുമായി രജനികാന്ത്. 

ഴിഞ്ഞ മാസമായിരുന്നു രജനികാന്ത്(Rajinikanth) നായകനായി എത്തിയ 'അണ്ണാത്തെ'(Annaatthe) എന്ന ചിത്രം തിയറ്ററുകളിൽ എത്തിയത്. സിരുത്തെ ശിവയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ഫാമിലി ആക്ഷന്‍ ഡ്രാമയായി ഇറങ്ങിയ ചിത്രത്തിന് സമിശ്ര അഭിപ്രായമായിരുന്നെങ്കിലും ചിത്രം വലിയ കളക്ഷന്‍ നേടിയിരുന്നു. ഈ അവസരത്തിൽ സംവിധായകന് സർപ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് രജനികാന്ത്. 

സിരുത്തെ ശിവയുടെ വീട്ടിലെത്തി സ്വര്‍ണ്ണ ചെയിന്‍ താരം സമ്മാനിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 
താരം സംവിധായകന്റെ വീട്ടില്‍ മൂന്ന് മണിക്കൂറിലധികം ചെലവഴിച്ചുവെന്നും അണ്ണാത്തെയെ കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നുവെന്നും അടുത്തവൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു.

Read Also: Annaatthe Box Office | മൂന്നാം വാരത്തിലും ബോക്സ് ഓഫീസില്‍ കാലിടറാതെ 'അണ്ണാത്തെ'; രജനി ചിത്രം ഇതുവരെ നേടിയത്

കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം തീയേറ്റര്‍ തുറന്നപ്പോള്‍ ആദ്യം റിലീസായ ബിഗ് ബജറ്റ് ചിത്രമാണ് അണ്ണാത്തെ. 
വലിയ ബജറ്റില്‍ നിര്‍മിച്ച ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യാതെ തിയേറ്റര്‍ റിലീസ് തെരഞ്ഞെടുക്കുകയായിരുന്നു. രജനി ആരാധകരെ ത്രസിപ്പിക്കുന്ന വിധത്തില്‍ മാസ്, ആക്ഷന്‍, കോമഡി, ഫാമിലി എലമെന്റുകള്‍ ചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

രജനീകാന്തിന്റേതടക്കമുള്ള മുൻ മാസ് ചിത്രങ്ങളുടെ മാതൃകയില്‍ തന്നെയാണ് അണ്ണാത്തെ എന്നും പ്രതികരണങ്ങളുണ്ടായിരുന്നു. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. മലയാളി താരം കീര്‍ത്തി സുരേഷും പ്രധാന വേഷത്തില്‍ എത്തുന്ന അണ്ണാത്തെയില്‍ നയൻതാര, ഖുശ്‍ബു, മീന, പ്രകാശ് രാജ്, സൂര്യ തുടങ്ങി ഒട്ടേറെ പേരും അഭിയിച്ചിരുന്നു.