സുശാന്ത് സിംഗ് ആരാധകരും മറ്റു സിനിമാപ്രേമികളും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ദില്‍ ബേചാര. സുശാന്ത് അവസാനമായി അഭിനയിച്ച ചിത്രം മെയ് എട്ടിന് തീയേറ്ററുകളില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അതു നടക്കാതെപോയി. അദ്ദേഹത്തിന്‍റെ മരണശേഷം ഡയറക്ട് ഒടിടി റിലീസ് ആയി പ്രഖ്യാപിക്കപ്പെട്ട ചിത്രം ഡിസ്‍നി + ഹോട്ട്സ്റ്റാര്‍ വഴി ഇന്നലെ വൈകിട്ട് എത്തി. വലിയ പ്രതികരണമാണ് സുശാന്ത് ആരാധകരില്‍ നിന്ന് ചിത്രത്തിനു ലഭിച്ചത്. ട്വിറ്ററില്‍ ഇപ്പോഴും ചിത്രവുമായി ബന്ധപ്പെട്ട ടോപ്പിക്കുകള്‍ ട്രെന്‍റിംഗ് ആണ്. അതിലൊന്ന് രജനീകാന്ത് ആരാധകര്‍ സൃഷ്ടിച്ചതാണ്. #RajniFansLoveSushant എന്നതാണ് ആ ടോപ്പിക്. സുശാന്ത് സിംഗ് ചിത്രത്തിലെ രജനി റഫറന്‍സ് ആണ് അതിനു കാരണം.

മാനി എന്നു വിളിപ്പേരുള്ള ഇമ്മാനുവല്‍ രാജ്‍കുമാര്‍ ജൂനിയര്‍ എന്ന കഥാപാത്രമായാണ് സുശാന്ത് ചിത്രത്തില്‍ എത്തുന്നത്. ഒരു സിനിമാമോഹിയും രജനി ആരാധകനുമാണ് ഈ കഥാപാത്രം. രജനി സിനിമകളുടെ ടൈറ്റിലുകളുടെ തുടക്കത്തിലുള്ള 'സൂപ്പര്‍ സ്റ്റാര്‍' എന്ന വിശേഷണം സ്ക്രീനിലെത്തുമ്പോഴുള്ള പശ്ചാത്തലസംഗീതമാണ് ദില്‍ ബേചാരയില്‍ സുശാന്ത് കഥാപാത്രത്തിന്‍റെ ഇന്‍ട്രൊഡക്ഷന്‍ സീനില്‍ സംവിധായകന്‍ നല്‍കിയിരിക്കുന്നത്. മാനിയുടെ സുഹൃത്തായ ജെപി എന്ന കഥാപാത്രം ഒരു ഭോജ്‍പുരി സിനിമ സംവിധാനം ചെയ്യുന്നുണ്ട് ചിത്രത്തില്‍. 'രജനി ആവത് ഹെ, സപ്‍നെ ജഗാവത് ഹെ' (രജനി വരുന്നു, സ്വപ്നങ്ങള്‍ക്ക് ഉത്തേജനം പകരുന്നു) എന്നാണ് ആ സിനിമയുടെ ടൈറ്റില്‍. 'എനിക്ക് രജനി സാറിനെപ്പോലെ അഭിനയിക്കണ'മെന്നാണ് ചിത്രത്തില്‍ സുശാന്ത് പറയുന്ന ഒരു ഡയലോഗ്. അന്ത്യത്തോടടുത്ത നിര്‍ണ്ണായകമായൊരു രംഗത്തില്‍ സുശാന്തിന്‍റെ മാനി തീയേറ്ററിലിരുന്ന് രജനി ചിത്രമായ കബാലി കാണുകയാണ്.

ചിത്രത്തിന്‍റെ പ്രീമിയറിനു തൊട്ടുപിന്നാലെ ഈ രജനി റഫറന്‍സുകളെക്കുറിച്ച് നിരവധി പോസ്റ്റുകള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. #RajniFansLoveSushant എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍റിംഗ് ആവുകയും ചെയ്‍തു. നിരവധി രജനി ആരാധകരാണ് സുശാന്തിനോട് തങ്ങള്‍ക്കുള്ള സ്നേഹം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. സഞ്ജന സംഗി നായികയാവുന്ന ചിത്രത്തില്‍ അതിഥി താരമായി സെയ്‍ഫ് അലി ഖാനും എത്തുന്നുണ്ട്. മുകേഷ് ഛബ്ര സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് എ ആര്‍ റഹ്മാന്‍ ആണ്.