കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് ഒരാഴ്ച പിന്നിട്ടുകഴിഞ്ഞു. പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശമാണ് സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. ഇതിനിടെ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ചേരിയില്‍ താമസിക്കുന്ന 250 കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കുകയാണ് നടി രാകുല്‍ പ്രീത് സിംഗ്. മകൾക്ക് പിന്തുണയുമായി താരത്തിന്റെ കുടുംബവും രം​ഗത്തുണ്ട്.

വീട്ടിൽ തന്നെയാണ് ആഹാരം ഉണ്ടാക്കുന്നതെന്നും ഒരു ദിവസം രണ്ടു തവണ ഭക്ഷണം കൊടുക്കുന്നുണ്ടെന്നും രാകുൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. നിലവിലെ സാഹചര്യം കണ്ട് ലോക്ക്ഡൗണ്‍ അവസാനിക്കുന്നതു വരെ അല്ലെങ്കില്‍ കൂടുതല്‍ മുന്നോട്ട് പോയാലും ഈ സംരംഭം തുടരാനാണ് താനും അച്ഛനും തീരുമാനിച്ചിരിക്കുന്നതെന്നും രാകുൽ വ്യക്തമാക്കി.

ആരാധകർ നടത്തുന്ന ഭക്ഷണ വിതരണത്തിന്റെ ചിത്രങ്ങൾ രാകുൽ ഷെയർ ചെയ്തിട്ടുണ്ട്. ”ഇതില്‍ ഞാന്‍ അഭിമാനിക്കുന്നു… നന്ദി! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, സുരക്ഷിതരായി തുടരുക” എന്നാണ് ചിത്രങ്ങൾക്കൊപ്പം രാകുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.