ലോക്ക് ഡൗണ്‍ ആയാലും രാം ഗോപാല്‍ വര്‍മ സിനിമകളുടെ തിരക്കിലാണ്. സിനിമകള്‍ തുടര്‍ച്ചയായി എടുക്കുകയാണ് രാം ഗോപാല്‍ വര്‍മ. മൂന്നാമത്തെ സിനിമയാണ് ഇപ്പോള്‍ രാം ഗോപാല്‍ വര്‍മയുടെതായി തയ്യാറായത്. പവര്‍ സ്റ്റാര്‍ എന്ന സിനിമ. വിവാദങ്ങളോടെയാണ് സിനിമ വാര്‍ത്തകളില്‍ നിറയുന്നത്. എന്തായാലും സിനിമയുടെ ട്രെയിലറും രാം ഗോപാല്‍ വര്‍മ പുറത്തുവിട്ടു.

തെലുങ്ക് ചിത്രമായ പവര്‍ സ്റ്റാര്‍ പ്രഖ്യാപനം മുതലെ ചര്‍ച്ചയായിരുന്നു. നടനും രാഷ്‍ട്രീയനേതാവുമായ പവൻ കല്യാണിനെ പരിഹസിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം എന്നായിരുന്നു വിമര്‍ശനം. പവൻ കല്യാണിനെ പോലെ തോന്നിക്കുന്ന ഒരാളാണ് സിനിമയില്‍ നായകൻ. നായകൻ മോശം അഭിനയമാണ് സിനിമയില്‍ നടത്തുന്നത്. അതൊക്കെ പവൻ കല്യാണിനെ പരിഹസിക്കാനാണ് എന്നായിരുന്നു ആരാധകരുടെ വിമര്‍ശനം. അതുകൊണ്ടുതന്നെ പവൻ കല്യാണിന്റെ ആരാധകര്‍ പവര്‍ സ്റ്റാര്‍ സിനിമയ്‍ക്ക് എതിരെ തുടക്കം മുതലെ രംഗത്ത് എത്തിയിരുന്നു. ആ വിമര്‍ശനങ്ങള്‍ രൂക്ഷമാകുമ്പോഴാണ് രാം ഗോപാല്‍ വര്‍മ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.

തിയറ്ററുകള്‍ അടിച്ചിട്ടിരിക്കുന്ന കാലത്ത് സ്വന്തം ഒടിടി പ്ലാറ്റ്ഫോമിലൂടെയായിരുന്നു കഴിഞ്ഞ സിനിമകള്‍ രാം ഗോപാല്‍ വര്‍മ റിലീസ് ചെയ്‍തത്. പവര്‍ സ്റ്റാര്‍ സിനിമയുടെ ട്രെയിലറും പണം വാങ്ങിച്ച് പ്രേക്ഷകരിലേക്ക് എത്തിക്കാനായിരുന്നു രാം ഗോപാല്‍ വര്‍മ തീരുമാനിച്ചിരുന്നത്. ഒരിക്കല്‍ ട്രെയിലര്‍ കാണാൻ 25 രൂപ നല്‍കണം എന്നായിരുന്നു രാം ഗോപാല്‍ വര്‍മ പറഞ്ഞിരുന്നത്. എന്നാല്‍ ട്രെയിലര്‍ ചോര്‍ന്നുവെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഇപ്പോള്‍ രാം ഗോപാല്‍ വര്‍മ വീഡിയോ റിലീസ് ചെയ്‍തിരിക്കുന്നത്. ആര്‍ജിവി വേള്‍ഡ് തിയറ്റര്‍ എന്ന സ്വന്തം ആപ് വഴിയാണ് രാം ഗോപാല്‍ വര്‍മ സിനിമ റിലീസ് ചെയ്യുന്നത്. പവര്‍ സ്റ്റാര്‍ സിനിമയുടെ ടിക്കറ്റ് വില 250 രൂപയാണ്. അഡ്വാൻസ് ആയി ബുക്ക് ചെയ്‍താല്‍ 150 രൂപ.