നാടകം വഴി അഭിനയമേഖലയിലേക്ക് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു

തങ്ങളുടെ പ്രിയങ്കരനായ സഹപ്രവര്‍ത്തകന്‍റെ മരണവാര്‍ത്തയുടെ ആഘാതത്തിലാണ് നടന്‍ രമേശ് വലിയശാലയുടെ സുഹൃത്തുക്കള്‍. ഇരുപത് വര്‍ഷത്തിലേറെയായി സീരിയല്‍ മേഖലയില്‍ സജീവമായ രമേശിന്‍റെ വിയോഗവാര്‍ത്ത അവരെ സംബന്ധിച്ച് തീര്‍ത്തും അപ്രതീക്ഷിതവും വേഗത്തില്‍ ഉള്‍ക്കൊള്ളാന്‍ ആവാത്തതുമാണ്. വാര്‍ത്ത തങ്ങളിലുണ്ടാക്കിയ ആഘാതം സീരിയല്‍, സിനിമാ മേഖലയിലെ സുഹൃത്തുക്കളില്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

രണ്ട് ദിവസം മുന്‍പ് 'വരാല്‍' എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചവരാണ് തങ്ങളെന്ന് നടന്‍ ബാലാജി ശര്‍മ്മ ഫേസ്ബുക്കില്‍ കുറിച്ചു. "രണ്ട് ദിവസം മുൻപ് വരാൽ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴും പൂർണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങൾ ? എന്ത് പറ്റി രമേഷേട്ടാ? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങൾക്ക് എന്ത് സഹിക്കാൻ പറ്റാത്ത ദുഃഖമാണുള്ളത്? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ? വിശ്വസിക്കാനാകുന്നില്ല... ഞെട്ടൽ മാത്രം! കണ്ണീർ പ്രണാമം... നിങ്ങൾ തന്ന സ്നേഹവും കരുതലും എന്നും മനസ്സിലുണ്ട്… ആദരാഞ്ജലികൾ", ബാലാജി ശര്‍മ്മ കുറിച്ചു.

"പ്രശ്നങ്ങൾ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തിൽ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികൾ", പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചു.

"രമേശേട്ടാ... വിശ്വസിക്കാനാവുന്നില്ല... ഒത്തിരി സങ്കടം...", എന്നാണ് നടന്‍ കിഷോര്‍ സത്യയുടെ പ്രതികരണം.

ഇന്ന് പുലര്‍ച്ചയോടെയായിരുന്നു രമേശ് വലിയശാലയുടെ മരണം. നാടകം വഴി അഭിനയമേഖലയിലേക്ക് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയലുകളില്‍ അഭിനയിക്കുന്നു. തിരുവനന്തപുരം ഗവണ്‍മെന്‍റ് മോഡല്‍ സ്‍കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്‍സ് കോളെജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളെജ് പഠനത്തിനു ശേഷം മിനിസ്‍ക്രീനിലേക്കും എത്തി. ഏഷ്യാനെറ്റിലെ പൗർണ്ണമി തിങ്കൾ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവില്‍ രമേശ് വലിയശാല അഭിനയിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona