ഹൈദരബാദ്: തെന്നിന്ത്യന്‍ സിനിമ താരം റാണ ദഗുബാട്ടി വിവാഹിതനായി. യുവ സംരംഭകയായ മിഹീക ബജാജ് ആണ് വധു. തെലുങ്ക് മര്‍വാരി രീതിയിലായിരുന്നു വിവാഹ ചടങ്ങ് നടന്നത്. ഹൈദരാബാദിലെ റാമനായിഡു സ്​റ്റുഡിയോയിൽ 30ൽ താഴെ അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.  ബിസിനസുകാരനായ സുരേഷ് ബജാജിന്റെയും ബണ്ടി ബജാജിന്റെയും മകളാണ് വധു മിഹീക.

അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടന്‍ വെങ്കിടേഷ്, സാമന്ത, റാം ചരണ്‍, അല്ലു അര്‍ജ്ജുന്‍, നാഘചൈതന്യ എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

കൊവിഡ് 19 പ്രോട്ടോകോള്‍ അനുസരിച്ചാണ് വിവാഹം നടന്നത്. വിവാഹത്തില്‍ പങ്കെടുത്ത മുഴുവന്‍ അതിഥികളെയും കൊവിഡ് ദ്രുത പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. 

ബാഹുബലിയിലെ വില്ലന്‍ റോളിലൂടെ ഇന്ത്യ മുഴുവന്‍ അറിയപ്പെട്ട റാണ കഴിഞ്ഞ മെയ് 12നാണ് വിവാഹിതനാകുവാന്‍ പോകുന്ന കാര്യം ലോകത്തെ അറിയിച്ചത്. 

നേരത്തെ വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സമുഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ നിരവധി സെലിബ്രൈറ്റികളാണ് നവദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്ത് എത്തിയത്.