റാണി മുഖര്‍ജി നായികയാകുന്ന മര്‍ദാനി 2 വരികയാണ്. പൊലീസ് വേഷത്തിലാണ് റാണി മുഖര്‍ജി ചിത്രത്തില്‍ അഭിനയിക്കുന്നത്. മര്‍ദാനി സംവിധാനം ചെയ്‍തത് പ്രദീപ് സര്‍ക്കാര്‍ ആണ്. രണ്ടാം ഭാഗം എത്തുമ്പോള്‍ സംവിധായകൻ ആദ്യ ചിത്രത്തിന്റെ തിരക്കഥാകൃത്തുകൂടിയായ ഗോപി പുത്രൻ ആണ്. ഇന്നു പുറത്തുവിട്ട മര്‍ദാനി 2വിന്റെ ടീസര്‍ തരംഗമാകുകയാണ്. അതേസമയം ചിത്രത്തിന്റെ പ്രത്യേകതകളെ കുറിച്ച് പറയുകയാണ് സംവിധായകനും നായികയും.

റാണി മുഖര്‍ജിയുടെ ശിവാനി ദുഷ് പ്രവര്‍ത്തികള്‍ക്ക് എതിരെയാണ് ചിത്രത്തില്‍ പോരാടുന്നത്. സ്‍ത്രീകളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ക്രിമിനലാണ് ചിത്രത്തിലെ വില്ലൻ. അയാള്‍ക്ക് എതിരെയുള്ള പോരാട്ടമാണ് ശിവാനി നടത്തുന്നത്- ഗോപി പുത്രൻ പറയുന്നു. ഒരു മനുഷ്യന്റെ പൈശാചിക പ്രവര്‍ത്തികള്‍ക്കെതിരെയാണ് ചിത്രത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ പോരാടുന്നത് എന്ന് റാണി മുഖര്‍ജിയും പറയുന്നത്. സ്‍ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുകയാണ് ലക്ഷ്യം. തിൻമയ്‍ക്ക് എതിരെയുള്ള നൻമയുടെ വിജയമാണ് നവരാത്രി പറയുന്നത് എന്ന് നമുക്ക് അറിയാമല്ലോ. മഹിഷാസുരനെതിരെയുള്ള ദേവി ദുര്‍ഗ്ഗയുടെ വിജയമായാലും രാവണന് എതിരെയുള്ള രാമന്റെ വിജയമായാലും ഇത്തരുണത്തില്‍ വളരെ പ്രധാനമാണ്. അതുകൊണ്ടാണ് അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ തന്നെ മര്‍ദാനി 2ന്റെ യാത്ര തുടങ്ങുന്നത്. സ്‍ത്രീ ശക്തിയുടെ ഏറ്റവും ഏറ്റവും പ്രധാനമായിട്ടുള്ള ആഘോഷത്തില്‍ തന്നെ മര്‍ദാനി 2വും വരുന്നു. പൈശാചികതയ്‍ക്ക് എതിരെയാണ് ദുര്‍ഗ്ഗാ ദേവിയുടെ പോരാട്ടം. സ്‍ത്രീകള്‍ക്ക് എതിരെയുള്ള ക്രൂരത അവസാനിപ്പിക്കാനുള്ള ധീരതയോടെയുള്ള സമീപനമാണ് മര്‍ദാനി 2വിലും- റാണി മുഖര്‍ജി പറയുന്നു.

മനുഷ്യക്കടത്തിന് എതിരെ പോരാടുന്ന പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് റാണി മുഖര്‍ജി ചിത്രത്തില്‍ അഭിനയിച്ചത്. രണ്ടാം ഭാഗത്തിലും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയായ ശിവാനി ശിവജി ആയിട്ടാണ് റാണി മുഖര്‍ജി അഭിനയിക്കുന്നത്.

റാണി മുഖര്‍ജിയുടെ വൻ തിരിച്ചുവരവാകും ക്രൈം ത്രില്ലറായ മര്‍ദാനിയുടെ രണ്ടാം ഭാഗമെന്നാണ് കരുതുന്നത്.