തിരഞ്ഞെടുപ്പ് വരികയല്ലേ, എന്തൊക്കെയാണ് വിശേഷങ്ങള്‍ എന്ന് ചായക്കടക്കാരനോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയെക്കുറിച്ച് രഞ്ജിത്ത് പറയുന്നത് ഇങ്ങനെ..

കോഴിക്കോട്: വയനാട് യാത്രയ്ക്കിടെ ഒരു സാധാരണക്കാരനുമായി രാഷ്ട്രീയം സംസാരിച്ച അനുഭവം പങ്കുവച്ച് സംവിധായകന്‍ രഞ്ജിത്ത്. കോഴിക്കോട് കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് പ്രകടന പത്രികയുടെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്. വയനാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ കടയില്‍ ചായ കുടിക്കാന്‍ കയറിയപ്പോഴത്തെ അനുഭവമാണ് പ്രസംഗമധ്യെ രഞ്ജിത്ത് വിവരിച്ചത്.

തിരഞ്ഞെടുപ്പ് വരികയല്ലേ, എന്തൊക്കെയാണ് വിശേഷങ്ങള്‍ എന്ന് ചായക്കടക്കാരനോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയെക്കുറിച്ച് രഞ്ജിത്ത് പറയുന്നത് ഇങ്ങനെ- "ഇവിടം വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് അല്ലേ, എല്‍ഡിഎഫ് അല്ലേ വരിക എന്നായിരുന്നു ചായക്കടക്കാരന്‍റെ മറുപടി. അതല്ല ഞാന്‍ ചോദിച്ചത്, അസംബ്ലി ഇലക്ഷന്‍ എന്താകും എന്നാണെന്ന് വിശദീകരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു- പട്ടിണിക്ക് ഇട്ടില്ലല്ലോ സാറേ. ഈ കൊവിഡ് കാലത്ത് പണിയില്ലാതിരുന്ന ഞങ്ങളെ റേഷന്‍കടയിലൂടെ ഭക്ഷണമെത്തിച്ചുതന്ന് സംരക്ഷിച്ചില്ലേ. പെന്‍ഷന്‍ അവസ്ഥ അറിയാമോ സാറിന്. 1400 രൂപയാണ്. ഇപ്പോള്‍ കുടിശ്ശിക ഇല്ല സാറേ. എല്ലാം സമയത്തുതന്നെ", രഞ്ജിത്ത് പറഞ്ഞു.

ചടങ്ങില്‍ മന്ത്രി ടി പി രാമകൃഷ്ണനില്‍ നിന്ന് രഞ്ജിത്ത് പ്രകടനപത്രിക ഏറ്റുവാങ്ങി.