സംവിധായകൻ രഞ്ജിത്ത് 'അയ്യപ്പനും കോശിയും' സിനിമയുടെ ബജറ്റ് ഇരട്ടിയാക്കി കാണിച്ച് സച്ചിയെ വഞ്ചിച്ചുവെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്

ലൈംഗികാതിക്രമ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള സംവിധായകന്‍ രഞ്ജിത്തിനെതിരെ ആരോപണവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. സച്ചി സംവിധാനം ചെയ്ത് വന്‍ വിജയം നേടിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ ബജറ്റ് ചെലവായതിന്‍റെ ഇരട്ടിയായിക്കി രഞ്ജിത്ത് കാണിച്ചുവെന്നാണ് ദിനേശിന്‍റെ ആരോപണം. 2020 ല്‍ പുറത്തെത്തിയ ചിത്രത്തിന്‍റെ നിര്‍മ്മാണം രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നായിരുന്നു. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ ആയിരുന്നു നിര്‍മ്മാണം. സച്ചിയെ രഞ്ജിത്ത് പറ്റിക്കുകയായിരുന്നെന്നും എന്നാല്‍ ഇക്കാര്യത്തില്‍ സച്ചി പ്രതികരിക്കാന്‍ പോയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു. ലൈറ്റ്സ് ക്യാമറ ആക്ഷന്‍ എന്ന തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ശാന്തിവിള ദിനേശിന്‍റെ പ്രതികരണം.

Add Asianetnews as a Preferred SourcegooglePreferred

“ജനപ്രിയനായ ഒരു സംവിധായകന്‍, ഫ്യൂഡല്‍ കഥകള്‍ നന്നായി എഴുതാന്‍ അറിയാവുന്ന ഒരാള്‍, മമ്മൂട്ടിയെ വച്ചായാലും മോഹന്‍ലാലിനെ വച്ചായാലും നല്‍കിയ മനുഷ്യന്‍. അയ്യപ്പനും കോശിയും നിർമ്മിച്ചതിന്റെ ഇരട്ടി കണക്ക് പറഞ്ഞ് സച്ചിയെ പറ്റിച്ചവൻ എന്ന് സച്ചിയുടെ ഒരു സ്നേഹിതൻ കാനഡക്കാരൻ എന്നോട് തന്നെ തുറന്നു പറഞ്ഞു. ദിനേശേട്ടാ. പാവം കേട്ടോ സച്ചി എത്ര കോടി ചിലവായി എന്ന് ചോദിച്ചപ്പോൾ ചിലവായതിന്റെ ഇരട്ടിയാണ് പറഞ്ഞത്. കാരണം ഇയാളും സച്ചിയും കൂടൊണ് അത് പ്രൊഡ്യൂസ് ചെയ്തത് ചേട്ടാ. ഇയാൾ പറ്റിച്ചു സച്ചിയെ. പക്ഷെ സച്ചി പ്രതികരിക്കാൻ ഒന്നും പോയില്ല ചേട്ടാ എന്ന് എന്നോട് പറഞ്ഞു ഒരു കാനഡക്കാൻ. അതെന്തുമാകട്ടെ കണ്ണടച്ചു തുറക്കുന്ന വേഗതയിൽ ഇയാൾ കോടീശ്വരനായി”, ശാന്തിവിള ദിനേശ് പറയുന്നു.

അതേസമയം ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി പൊലീസിന്റെ തെളിവെടുപ്പ് ഇന്ന് നടക്കും. നടിയെ ഉപദ്രവിച്ചെന്ന് കണ്ടെത്തിയ കാരവാനിൽ എത്തിച്ചാണ് തെളിവെടുക്കുക. ഷൂട്ടിം​ഗ് സെറ്റിൽ ഉണ്ടായിരുന്ന രണ്ട് കാരവാനുകളും പൊലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. തിങ്കളാഴ്ച വരെയാണ് പൊലീസിന് രഞ്ജിത്തിനെ കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിൻ്റെ വാദം. അതേസമയം രഞ്ജിത്തിൻ്റെ ആരോഗ്യസ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News