മുംബൈ: നടി പായല്‍ ഘോഷിന്റെ പരാതിയില്‍ സംവിധായകനും നിര്‍മ്മാതാവും നടനുമായ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തുകൊണ്ടാണ് നടി പായല്‍ ഘോഷ്, അനുരാഗ് കശ്യപിനെതിരെ ട്വിറ്ററിലൂടെ ലൈംഗികാരോപണം ഉന്നയിച്ചത്. തുടര്‍ന്ന് സംഭവത്തില്‍ പരാതി നല്‍കാന്‍ ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ നടിയോട് ആവശ്യപ്പെട്ടിരുന്നു. 

മുംബൈ വെര്‍സോവ പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നത്. 2013 ല്‍ നടന്ന സംഭവത്തില്‍ ഇന്നലെ രാത്രി അഭിഭാഷകനൊപ്പമെത്തിയായിരുന്നു പരാതി നല്‍കിയത്. 2013 ല്‍ വെര്‍സോവയിലെ യാരി റോഡിലെ സ്ഥലത്തുവച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് നടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കശ്യപിനെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് ന്യൂസ് ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എന്നാല്‍ തന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് പായല്‍ ഘോഷിന്റെ ലൈംഗികാരോപണത്തോട് കശ്യപ് പ്രതികരിച്ചത്. വ്യാജ ആരോപണത്തില്‍ കശ്യപ് വളരെയധികം ദുഃഖിതനാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക പ്രിയങ്ക ഖിമാനി പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം നടന്‍ അനുരാഗ് ശ്യപിനെ പിന്തുണച്ച് ബോളിവുഡില്‍ നിന്ന് നടിമാരായ തപ്‌സി പന്നു, സയാമി ഖേര്‍ എന്നിവരും മുന്‍ ഭാര്യ കല്‍ക്കി അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. 

എബിഎന്‍ തെലുഗു എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ ആരോപണം. പിന്നീട് ട്വിറ്ററിലൂടെയും ഇത് ആവര്‍ത്തിച്ചു. കശ്യപിനെ ആദ്യം കണ്ടതിന് പിറ്റേന്ന് അദ്ദേഹം താമസസ്ഥലത്തേക്ക് വിളിപ്പിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പായല്‍ ഘോഷിന്റെ ആരോപണം. കൂടിക്കാഴ്ചയുടെ സമയത്ത് കശ്യപ് ലഹരി ഉപയോഗിച്ചിരുന്നുവെന്നും സ്ത്രീവിമോചനത്തെപ്പറ്റിയും പുരുഷാധിപത്യത്തെക്കുറിച്ചും സംസാരിക്കുന്നത് കശ്യപിന്റെ ഇരട്ടത്താപ്പാണെന്നും നടി ആരോപിച്ചിരുന്നു.