രശ്‌മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും ഒന്നിക്കുന്ന 'ദി ഗേൾഫ്രണ്ട്' എന്ന റൊമാന്റിക് ചിത്രം നവംബർ 7-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. സിനിമയുടെ വിജയത്തിൽ വിശ്വാസമർപ്പിച്ച്, റിലീസിന് ശേഷം പ്രതിഫലം മതിയെന്ന് രശ്‌മിക നിലപാടെടുത്തതായി നിർമ്മാതാവ്
രശ്‌മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ദി ഗേൾഫ്രണ്ട്' റിലീസിനൊരുങ്ങുകയാണ്. നവംബർ 7 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഇന്നലെ ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തുവന്നിരുന്നു. റൊമാന്റിക് ഡ്രാമ ഴോൺറെയിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസിനായി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഗേൾഫ്രണ്ട് സിനിമയ്ക്കായി രശ്‌മിക എടുത്ത പരിശ്രമങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സിനിമയുടെ നിർമ്മാതാവായ ധീരജ് മൊഗിലിനേനി.
സിനിമയിലെ നായികാവേഷത്തിലേക്ക് രശ്‌മികയെ സമീപിച്ചപ്പോൾ പ്രതിഫലം സിനിമ കഴിഞ്ഞതിന് ശേഷം മാത്രം മതിയെന്നും, ആദ്യം സിനിമ നടക്കട്ടെ എന്നാണ് താരം പറഞ്ഞതെന്നും ധീരജ് പറയുന്നു. വലിയ പ്രശംസകളാണ് ഇതേത്തുടർന്ന് രശ്‌മികയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സിനിമയുടെ പ്രതിഫലം ചർച്ച ചെയ്യാൻ ഞങ്ങൾ രശ്മികയുടെ മാനേജരുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിസിച്ചിരുന്നു. അദ്ദേഹത്തിൽ നിന്ന് മറുപടി ലഭിക്കാതെ വന്നപ്പോൾ, ഞാൻ നേരിട്ട് രശ്മികയുടെ അടുത്തേക്ക് പോയി. 'ആദ്യം ഈ സിനിമ ചെയ്യുക. സിനിമ റിലീസ് ചെയ്തതിനുശേഷം എന്റെ പ്രതിഫലം എനിക്ക് തരൂ. ഈ സിനിമ റിലീസ് ചെയ്തതിനുശേഷം മാത്രമേ ഞാൻ എന്റെ പ്രതിഫലം വാങ്ങൂ. എനിക്ക് മുൻകൂട്ടി ഒന്നും വേണ്ട' എന്നാണ് രശ്‌മിക എന്നോട് പറഞ്ഞത്." ധീരജ് പറയുന്നു.
"അവരുടെ ഈ വാക്കുകൾ ഞങ്ങൾക്ക് വളരെയധികം ആത്മവിശ്വാസം നൽകി, കഥയെയും ടീമിനെയും അവർ എത്രമാത്രം വിശ്വസിച്ചിരുന്നുവെന്ന് കാണിച്ചുതന്നു. പുഷ്പ 2 പോലുള്ള വമ്പൻ സിനിമകൾക്കിടയിലുള്ള ഇടവേളയിലായിരുന്നു ഗേൾഫ്രണ്ട് സിനിമയുടെ ചിത്രീകരണം. ഞങ്ങളുടെ സിനിമയുടെ ചിത്രീകരണം തീർക്കാനായി രശ്‌മിക രണ്ട് മൂന്ന് മാസത്തോളം 3 മണിക്കൂർ മാത്രമാണ് ഉറങ്ങിയത്. പുലർച്ചെ 2 മണിക്ക് പുഷ്പയുടെ ഷൂട്ട് പൂർത്തിയാക്കി, രാവിലെ 7 മണിക്ക് മേക്കപ്പ് ധരിച്ച് ഞങ്ങളുടെ സെറ്റിൽ രശ്‌മിക എത്തുമായിരുന്നു." ഗേൾഫ്രണ്ട് പ്രസ് മീറ്റിനിടെയായിരുന്നു ധീരജിന്റെ പ്രതികരണം.
മനോഹരമായ പ്രണയകഥ
ഗീത ആർട്‌സും ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിക്കുന്ന ദി ഗേൾഫ്രണ്ട് പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത ചിത്രം മനോഹരമായ ഒരു പ്രണയകഥയാണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. നേരത്തെ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ പുറത്ത് വന്ന ഗാനരംഗത്തിലും രശ്‌മികയുടെയും ദീക്ഷിതിന്റെയും ഓൺസ്‌ക്രീൻ കെമിസ്ട്രി അതിമനോഹരമായാണ് അവതരിപ്പിച്ചത്. "നദിവേ" എന്ന ടൈറ്റിലോടെ പുറത്ത് വന്ന ആദ്യ ഗാനവും, "നീ അറിയുന്നുണ്ടോ" എന്ന വരികളോടെ എത്തിയ രണ്ടാം ഗാനവും സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ശ്രദ്ധ നേടി. നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ്റെ അവസാന ഘട്ടത്തിലുള്ള ദി ഗേൾഫ്രണ്ട് വമ്പൻ തിയറ്റർ റിലീസിനാണു ഒരുങ്ങുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.
ഛായാഗ്രഹണം- കൃഷ്ണൻ വസന്ത്, സംഗീതം - ഹിഷാം അബ്ദുൾ വഹാബ്, എഡിറ്റർ- ചോട്ടാ കെ പ്രസാദ്, വസ്ത്രാലങ്കാരം - ശ്രവ്യ വർമ്മ, പ്രൊഡക്ഷൻ ഡിസൈൻ - എസ് രാമകൃഷ്ണ, മോനിക്ക നിഗോത്രി, സൗണ്ട് ഡിസൈൻ - മനോജ് വൈ ഡി, കളറിൻസ്റ്- വിവേക് ആനന്ദ്, ഡിഐ-അന്നപൂർണ്ണ സ്റ്റുഡിയോ, മാർക്കറ്റിങ് - ഫസ്‌റ്റ് ഷോ, പിആർഒ - ശബരി



