താരസംഘടനയായ 'അമ്മ'യിൽ നിന്നും നടി ശ്വേതാ മേനോൻ രാജിവെച്ചു. ബിജെപിക്ക് സ്ഥാനാർത്ഥിയെ നൽകാൻ പണം വാങ്ങിയെന്ന് നടൻ ബാബുരാജ് യോഗത്തിൽ ആരോപിച്ചതിനെ തുടർന്നുള്ള വ്യക്തിയധിക്ഷേപമാണ് രാജിക്ക് കാരണമെന്ന് സൂചന. ആരോപണങ്ങൾ നിഷേധിച്ച ശ്വേത, നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ ഭരണസമതിയുടെ രാജിയടക്കം പുതിയ പൊട്ടിത്തെറിയി കലാശിച്ചതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. നടി ശ്വേതാ മേനോൻ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പോലും രാജിവെക്കാനിടയായത് നടൻ ബാബുരാജ് നടത്തിയ വ്യക്തിയധിക്ഷേപമാണെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു ബിജെപിക്ക് സ്ഥാനാർത്ഥിയെ ഉണ്ടാക്കി നൽകാൻ ശ്വേതാ മേനോൻ പണം വാങ്ങിയെന്ന് ബാബുരാജ് യോഗത്തിൽ ആരോപിച്ചതായി പറയപ്പെടുന്നു.ആരോപണങ്ങൾ കേട്ട് യോഗത്തിൽ ശ്വേത വൈകാരികമായി പൊട്ടിത്തെറിച്ചു. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഏജന്റല്ലെന്ന് വ്യക്തമാക്കിയ ശ്വേത, തനിക്കെതിരെ ഉയർന്നത് പൂർണ്ണമായും വ്യാജമായ ആരോപണങ്ങളാണെന്നും ഇതിനെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. സംഘടനയ്ക്കുള്ളിലെ ഗ്രൂപ്പ് പോരുകളും വ്യക്തിപരമായ ആക്ഷേപങ്ങളും അതിരുവിട്ട സാഹചര്യത്തിലാണ് ശ്വേത മേനോൻ ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിയത്. പുതിയ ഭരണസമിതി രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ ഉണ്ടായ ഈ സംഭവം താരസംഘടനയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
തുറന്നടിച്ച് ശ്വേത മേനോൻ
താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ. അധ്യക്ഷ സ്ഥാനം മാത്രമല്ല, പ്രാഥമിക അംഗത്വവും താൻ രാജിവെക്കുകയാണെന്ന് ശ്വേത വ്യക്തമാക്കി. താനടക്കം 17 അംഗ ഭരണസമിതിയും ഒന്നടങ്കം രാജിവെച്ചതായി വ്യക്തമാക്കിയ അവർ, വലിയ ഗൂഢാലോചനയിലൂടെയും മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയിലൂടെയുമാണ് തങ്ങളെ പുറത്താക്കാൻ ചിലർ ശ്രമിച്ചതെന്നും തുറന്നടിച്ചു. കുറ്റാരോപിതരായ ചില ആളുകളുടെ കയ്യിലേക്ക് സംഘടനയെ വീണ്ടും എത്തിക്കാനുള്ള നീക്കമാണ് ജനറൽ ബോഡിയിൽ നടന്നത്. ഒരു അവിശ്വാസ പ്രമേയം വരെ കൊണ്ടുവന്ന് തങ്ങളെ വേട്ടയാടാൻ നോക്കിയെന്നും പാവയായി ഇരുന്നാൽ മാത്രമേ സംഘടനയിൽ ഭരിക്കാൻ പറ്റൂ എന്ന നില വന്നതിനാലാണ് വ്യക്തിത്വം പണയം വെക്കാതെ പടിയിറങ്ങുന്നതെന്നും ശ്വേത മേനോൻ തുറന്നടിച്ചു.
ഭരണസമിതിയിലെ ട്രഷറർ ഉണ്ണി ശിവപാൽ ആരെയും അറിയിക്കാതെ പെട്ടെന്ന് മുങ്ങിപ്പോയതാണ് നിലവിലെ പ്രതിസന്ധികൾക്കെല്ലാം കാരണമെന്നും ശ്വേത വെളിപ്പെടുത്തി. മെയിലോ മറ്റ് വിവരങ്ങളോ നൽകാതെ മെയ് ഒന്നിനാണ് അദ്ദേഹം ഓടിപ്പോയത്. മുൻ കമ്മിറ്റിയിലെ ബാബുരാജ് ചെയ്ത പല കാര്യങ്ങളിലും വലിയ കുഴപ്പങ്ങളുണ്ടെന്നും ഇതുവരെ സംഘടനയുടെ അന്തസ്സ് ഓർത്ത് പുറത്തുപറയാതിരുന്ന അത്തരം കാര്യങ്ങൾ വൈകാതെ തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറയുമെന്നും അവർ മുന്നറിയിപ്പ് നൽകി.
