ജീവിച്ചിരിക്കുന്നവര്‍ മരിച്ചെന്ന് വ്യാജ വാര്‍ത്തകള്‍ സാമൂഹ്യമാധ്യമത്തില്‍ മുമ്പ് പല തവണ വന്നിട്ടുണ്ട്. സിനിമ താരങ്ങളെ കുറിച്ചാണ് അധികവും അങ്ങനെ വ്യാജ വാര്‍ത്തകള്‍ വന്നത്. വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് അവര്‍ രംഗത്ത് എത്തുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ നടി രേഖയാണ് വ്യാജ മരണവാര്‍ത്തയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

നടി രേഖയുടെ മൃതദേഹമാണോ ഇത് എന്ന് തലക്കെട്ട് നല്‍കി മീശ മച്ചാല്‍ എന്ന യൂട്യൂബ് ചാനലാണ് വാര്‍ത്ത നല്‍കിയത്. വ്യാജ വാര്‍ത്ത 10 ലക്ഷം പേരാണ് കണ്ടത്. ഇതിനെതിരെയാണ് രേഖ രൂക്ഷമായി വിമര്‍ശനവുമായി രംഗത്ത് എത്തിയത്. ജി വി  പ്രകാശ് നായകനായെത്തുന്ന 100% കാതൽ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു രേഖയുടെ പ്രതികരണം. 'എവിടെയോ ഇരുന്ന് ഒരു യുട്യൂബ് ചാനൽ തുടങ്ങി അതിൽ അനാവശ്യ വിഷയങ്ങൾ കൊടുത്ത് അതിലൂടെ വരുമാനം ഉണ്ടാക്കുന്ന കുറച്ചു പേരുണ്ട്. ഇതു നിയന്ത്രിക്കാൻ എന്തെങ്കിലും സംവിധാനം സർക്കാർ കൊണ്ടുവരണം. സെലിബ്രിറ്റികളെക്കുറിച്ചാണ് ഇതുപൊലെ വ്യാജവാർത്തകൾ വരുന്നത്. അവർ മരിച്ചു പോയി. ഇവർക്ക് ഇങ്ങനെ ആയി... അങ്ങനെ ആയി എന്നൊക്കെ പറഞ്ഞാണ് വ്യാജവാർത്തകൾ! എനിക്കതിൽ സങ്കടമില്ല. പക്ഷെ, എനിക്ക് ചുറ്റും നിൽക്കുന്ന എന്നെ ഇഷ്‍ടപ്പെടുന്നവരെയാണ് ഇത് സങ്കടപ്പെടുത്തുന്നത്. എന്നെത്തന്നെ വിളിച്ച് നിരവധി പേർ ചോദിച്ചു, ഞാൻ മരിച്ചുപോയോ എന്ന്. ഞാൻ പറഞ്ഞു– ആ.. ഞാൻ മരിച്ചു പോയി. നിങ്ങൾ ഇപ്പോൾ സംസാരിക്കുന്നത് എന്റെ പ്രേതത്തിനോടാണ് എന്ന്- രേഖ പറയുന്നു. മരിച്ചുപോയെന്നൊക്കെ വാര്‍ത്ത കൊടുത്ത് അതു വച്ച് അവർ പൈസയുണ്ടാക്കുന്നു. ഞാൻ ഇവിടെ സന്തോഷമായി തന്നെ ജീവിക്കുകയാണ്- രേഖ പറയുന്നു.