രണ്ടാമത്തെ കീമോയ്ക്ക് ശേഷം ആശുപത്രിയിലായ രേണുവിനെതിരെ, ചികിത്സാ ബില്ല് വ്യാജമാണെന്നും അസുഖമില്ലെന്നും ചില വ്ളോഗര്‍മാര്‍ ആരോപണങ്ങൾ ഉയര്‍ത്തിയിരുന്നു.
രേണു സുധി വ്ളോഗിലൂടെ കാണിച്ച കാന്‍സര്‍ ചികിത്സയുടെ മെഡിക്കല്‍ ബില്‍ വ്യാജമാണെന്ന് ആരോപിച്ച വ്ളോഗര്‍മാര്‍ക്കെതിരെ അവരുടെ സഹോദരി രമ്യ. രേണു സുധിയുടെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലാണ് അവര്‍ ചില യുട്യൂബര്‍മാരുടെ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരിച്ചിരിക്കുന്നത്. രേണുവിനെ ഉപദ്രവിക്കുന്നത് നിര്‍ത്തണമെന്ന് വീഡിയോയില്‍ അവര്‍ അഭ്യര്‍ഥിക്കുന്നു.
രേണു സുധിയുടെ സഹോദരി പറയുന്നു
"ഒരാഴ്ചയായിട്ട് അവൾ ഹോസ്പിറ്റലിൽ ഐസിയുവിൽ അഡ്മിറ്റ് ആയിരുന്നു. രണ്ടാമത്തെ കീമോ കഴിഞ്ഞതിനു ശേഷം ഛര്‍ദ്ദി അടക്കം ഉണ്ടായിരുന്നു. ഇപ്പോള്‍ ഡിസ്ചാർജ് ആയി വന്നു. മരുന്നിന്‍റെ കാര്യം പലരും സമൂഹമാധ്യമത്തിൽക്കൂടി പറഞ്ഞുകൊണ്ടിരിക്കുന്നു. ബില്ല് എഐ ആണെന്നും ഞങ്ങൾ അത് ഉണ്ടാക്കിയതാണെന്നും ഒക്കെ പറയുന്നു. പക്ഷേ ഞങ്ങൾ പറഞ്ഞതിൽ ഒരു തെറ്റുമില്ല. ഞങ്ങളടെ സാഹചര്യം കൊണ്ടാണ് ആ ബില്ല് ഞങ്ങൾക്ക് പറയേണ്ടി പോലും വന്നത്. രേണുവിന് കാന്‍സര്‍ ഇല്ലെന്നും ബില്ല് എഐ ആണെന്നും മറ്റുള്ളവരെ പറ്റിക്കാൻ വേണ്ടിയാണന്നുമൊക്കെ ചില വ്ലോഗേഴ്സ് നിരന്തരം വീഡിയോ ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ട് മാത്രമാണ് ഞങ്ങൾക്ക് ആ ബില്ലിനെ കുറിച്ചും ആ മെഡിസിനെ കുറിച്ചും പറയേണ്ട സാഹചര്യം ഉണ്ടായത്.
ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ആർക്കും നുണ പറയാൻ പറ്റാത്ത കാര്യങ്ങളാണ്. ആർക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ ആ ബില്ലിൽ അതിന്റെ നമ്പറും കാര്യങ്ങളും ഫോൺ നമ്പറും എല്ലാം കിടപ്പുണ്ട്. അതിലേക്ക് ഒന്ന് വിളിച്ച് കോൺടാക്ട് ചെയ്ത് നിങ്ങൾക്കൊന്ന് പ്രൂവ് ചെയ്യാവുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുപോലും ചെയ്യാതെ അത് മറ്റുള്ളവരെ പറ്റിക്കാൻ വേണ്ടി ഞങ്ങൾ നിർമ്മിച്ചെടുത്തതാണെന്ന് പറഞ്ഞു. ഇങ്ങനെയൊക്കെ മനുഷ്യരെ നിങ്ങൾ ദ്രോഹിച്ചുകൊണ്ടിരിക്കുന്നത് ഭയങ്കര കഷ്ടമാണ്. നമ്മളെ സ്നേഹിക്കുന്ന ഒരുപാട് ആൾക്കാരുണ്ട്. അവരുടെയൊക്കെ മുമ്പിൽ ഞങ്ങൾക്ക് നമ്മുടെ സത്യാവസ്ഥ ബോധ്യപ്പെടുത്തണം. അതുകൊണ്ട് മാത്രമാണ് ഞങ്ങൾ അന്ന് അതിനെക്കുറിച്ച് പറഞ്ഞത്. പിന്നെ അതിനകത്ത് കുറെ ക്യാൻസർ പേഷ്യൻസിന്റെ വോയ്സ് ഒക്കെ എടുത്തത് ഇട്ടിട്ടുണ്ട്. പക്ഷേ അത് ക്യാൻസർ പേഷ്യന്‍റ്സ് ആണ് അത് പറയുന്നതെന്ന് എനിക്ക് തോന്നുന്നില്ല. അത് ഈ വ്ലോഗേഴ്സ് കെട്ടിച്ചമയ്ക്കുന്ന കഥകൾ തന്നെയാണെന്നാണ് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത്. എന്തിനാണ് അവളെ ഇങ്ങനെ ദ്രോഹിക്കുന്നത് എന്നറിയില്ല.
വീണ്ടും ഈ മെഡിസിന്റെ കാര്യം പറഞ്ഞ് നിങ്ങൾ വീണ്ടും ദ്രോഹിക്കാതിരിക്കുക. ഈ ഒരു അവസ്ഥയിൽ ഇതുപോലെ കുറ്റപ്പെടുത്തികൊണ്ടിരിക്കുന്ന ആരുടെ വീട്ടിലും ഈ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ. ഇപ്പോൾ അവളുടെ സാഹചര്യം കൊണ്ടാണ് അവൾ ഈ യുട്യൂബ് ചാനലുമായിട്ട് മുന്നോട്ടു പോകുന്നത്. മരുന്നിന് വേണ്ട സാമ്പത്തികം വേണം. ദൈവത്തെ ഓർത്ത് നിങ്ങൾ അവളെ ഒന്ന് ഉപദ്രവിക്കാതിരിക്കുക. അതുപോലെ അനുഭവിക്കുന്നുണ്ട്."

