2014ല്‍ സൂര്യ നായകനായി എത്തിയ ചിത്രം റീ റിലീസിന് ഒരുങ്ങുന്നുവെന്ന് വിവരം. എൻ. ലിംഗുസാമി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ സാമന്തയായിരുന്നു നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. വന്‍ ഹൈപ്പില്‍ റിലീസ് ചെയ്ത ചിത്രം പക്ഷേ പരാജയപ്പെ്ട്ടിരുന്നു.
കഴിഞ്ഞ മൂന്ന്, നാല് വർഷമായി സിനിമാ മേഖലയിൽ കണ്ടുവരുന്നൊരു ട്രെന്റ് ആണ് റീ റിലീസുകൾ. മുൻ കാലങ്ങളിൽ റിലീസ് ചെയ്ത സിനിമകൾ പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീണ്ടും തിയറ്ററുകളിൽ എത്തിക്കുന്നു എന്നതാണ് റീ റിലീസ്. ആ സിനിമകൾ റിലീസ് ചെയ്ത വേളയിൽ തിയറ്റർ എക്സ്പീരിയൻസ് നഷ്ടമായവർക്ക് അത് ലഭിക്കാനുള്ള അവസരം കൂടിയാണ് ഇത്തരം റീ റിലീസുകൾ. വൻ വിജയം നേടിയ സിനിമകളും പരാജയപ്പെട്ട സിനിമകളും ഇക്കൂട്ടത്തിലുണ്ടാകും. അത്തരത്തിൽ വൻ ഹൈപ്പിൽ റിലീസ് ചെയ്ത് ബോക്സ് ഓഫീസിൽ വൻ പരാജയം നേരിട്ടൊരു സിനിമ റീ റിലീസിന് ഒരുങ്ങുന്നുവെന്ന വിവരം പുറത്തുവരികയാണ്.
2014ൽ റിലീസ് ചെയ്ത സൂര്യ ചിത്രം അഞ്ചാന്‍ ആണ് പതിനൊന്ന് വർഷങ്ങൾക്കിപ്പുറം തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. എൻ. ലിംഗുസാമി രചനയും സംവിധാനവും നിർവഹിച്ച ചിത്രം 2025 നവംബർ 28ന് തിയറ്ററുകളിൽ എത്തുമെന്നാണ് വിവരം. സൂര്യ നായകനായി എത്തിയ ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് സാമന്ത ആയിരുന്നു. വിദ്യുത് ജംവാൾ, മനോജ് ബാജ്‌പേയി, ദലിപ് താഹിൽ, മുരളി ശർമ്മ, ജോ മല്ലൂരി, സൂരി, ചേതൻ ഹൻസ്‌രാജ്, സഞ്ജന സിംഗ്, ആസിഫ് ബസ്ര തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു.
വൻ ഹൈപ്പിലെത്തിയ ചിത്രമായിരുന്നു അഞ്ചാൻ. എന്നാൽ റിലീസ് ചെയ്ത് ആദ്യദിനം മുതൽ നെഗറ്റീവ് റിവ്യു ആയിരുന്നു ലഭിച്ചത്. പിന്നാലെ ബോക്സ് ഓഫീസിൽ തകർച്ചയും നേരിട്ടു. ഐഎംഡിബിയുടെ റിപ്പോർട്ട് പ്രകാരം 75 കോടിയാണ് അഞ്ചാന്റെ നിർമാണ ചെലവ്. എന്നാൽ 83.55 കോടി മാത്രമാണ് പടത്തിന് നേടാനായത്. തമിഴ്നാട് 41.05 കോടി, ആന്ധ്ര- നിസാം- 10.20 കോടി, കേരള- 5.60 കോടി, കർണാടക- 5.40 കോടി, മറ്റിടങ്ങളിൽ നിന്നും 80 ലക്ഷം, ഓവർസീസ്‍ 20.45 കോടി എന്നിങ്ങനെയാണ് അഞ്ചാന്റെ ബോക്സ് ഓഫീസ് കണക്കുകൾ.



