ഗായകനും നടനുമായ ലക്കി അലി കൊവിഡ് ബാധിച്ച് മരിച്ചെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. താൻ ജീവനോടെയുണ്ടെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും ലക്കി അലി പറഞ്ഞു. ലക്കി അലി മരിച്ചെന്ന് വലിയ പ്രചാരണമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടായത്. എന്തായാലും ലക്കി അലി തന്നെ പ്രതികരണവുമായി എത്തിയതിനാല്‍ ആരാധകരുടെ ആശങ്ക അകന്നിരിക്കുകയാണ്.

ഞാൻ ജീവിച്ചിരിപ്പുണ്ട്, ഒപ്പം വീട്ടിൽ സമാധാനത്തോടെ വിശ്രമിക്കുന്നു (റെസ്റ്റ് ഇൻ പീസ്). നിങ്ങൾ എല്ലാവരും സുരക്ഷിതരായി തുടരുകയാണെന്ന് പ്രതീക്ഷിക്കുന്നു. ഈ വിനാശകരമായ സമയത്ത് ദൈവം നമ്മെയെല്ലാം സംരക്ഷിക്കട്ടെയെന്നുമാണ് ലക്കി അലി എഴുതിയിരിക്കുന്നത്.

ലക്കി അലി മരണപ്പെട്ടുവെന്ന വാര്‍ത്ത വന്നയുടൻ തന്നെ അത് നിഷേധിച്ച് നടി നഫിസ അലി രംഗത്ത് എത്തിയിരുന്നു. ലക്കി ആരോഗ്യവാനായിരിക്കുന്നുവെന്ന് സുഹൃത്തായ നഫിസ അലി പറഞ്ഞു. ഞങ്ങള്‍ പരസ്‍പരം സംസാരിച്ചുവെന്നും നഫിസ അലി പറഞ്ഞു. കുടുംബവുമൊത്താണ് ലക്കി അലി ഉള്ളതെന്നും നഫിസ അലി പറഞ്ഞു.

ലക്കി അലി മരിച്ചെന്ന വാര്‍ത്ത പ്രചരിച്ചതോടെ ആദരാഞ്‍ജലികളുമായി സഹപ്രവര്‍ത്തകരില്‍ ചിലരടക്കം രംഗത്ത് എത്തിയിരുന്നു.  ഒ സനം എന്ന ഗാനമാണ് ലക്കി അലിയെ ഏറെ പ്രശസ്‍തനാക്കിയത്. ഏക് പാല്‍ ജീന അടക്കമുള്ള ഒട്ടേറെ ഗാനങ്ങള്‍ ലക്കി അലിയുടേതായിട്ടുണ്ട്. നടനെന്ന നിലയിലും ശ്രദ്ധേയനാണ് ലക്കി അലി.