ഹൈദരാബാദ്: മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ദൃശ്യാനുഭവം സമ്മാനിച്ച സിനിമയാണ് 'തൂവാനത്തുമ്പികള്‍'. പത്മരാജന്‍റെ ക്ലാസിക് ചിത്രം മലയാള സിനിമാ മേഖലയ്ക്ക് നല്‍കിയത് ഓര്‍മ്മയിലെന്നും സൂക്ഷിക്കുന്ന മൂന്ന് പേരുകളാണ് ജയകൃഷ്ണന്‍, ക്ലാര, രാധ. 32 വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാലും സുമലതയും പാര്‍വ്വതിയും കണ്ടുമുട്ടിയപ്പോള്‍ പിറന്നത് മറ്റൊരു തൂവാനത്തുമ്പി ക്ലിക്ക്! 80-കളിലെ നായികാ നായകന്‍മാരുടെ റീയൂണിയനിലാണ് താരങ്ങള്‍ വീണ്ടും കണ്ടുമുട്ടിയത്. 

 എണ്‍പതുകളില്‍ സിനിമയിലെത്തി ദക്ഷിണേന്ത്യന്‍ ചലച്ചിത്ര രംഗത്ത് ശോഭിച്ചിരുന്ന നായികാ നായകന്‍മാര്‍ തുടര്‍ച്ചയായ പത്താം വര്‍ഷമാണ് ഇത്തരത്തില്‍ ഒത്തുചേര്‍ന്ന് സൗഹൃദം പുതുക്കുന്നത്. 'ക്ലാസ് ഓഫ് 80 സ്' എന്നാണ് ഇത്തവണത്തെ റീയൂണിയന്‍റെ പേര്. ചിരഞ്ജീവിയുടെ വീട്ടിലായിരുന്നു താരങ്ങളുടെ ഒത്തുകൂടല്‍. കറുപ്പും ഗോള്‍ഡന്‍ നിറവുമായിരുന്നു ഡ്രസ് കോഡ്. ചിരഞ്ജീവിയുടെ ഹൈദരാബാദിലെ വസതിയിലായിരുന്നു ആഘോഷം. ചിരഞ്ജീവി തന്നെയായിരുന്നു പരിപാടിയുടെ അവതാരകന്‍. 


2009-ല്‍ സുഹാസിനിയും ലിസിയും ചേര്‍ന്നാണ് ഈ ഒത്തു ചേരലിന് തുടക്കമിടുന്നത്. ഓരോ വര്‍ഷവും ഓരോ കളര്‍ കോഡില്‍ ഏതെങ്കിലും ഒരു താരത്തിന്‍റെ വീട്ടില്‍ ഒത്തുകൂടും. 

മോഹന്‍ലാല്‍, ജയറാം, ശോഭന, രേവതി, സുമലത, സുഹാസിനി, രാഝിക ശരത്കുമാര്‍, ശരത്കുമാര്‍, അംബിക, ലിസി, റഹ്മാന്‍, പാര്‍വ്വതി, വെങ്കിടേഷ്, ഖുഷ്ബൂ തുടങ്ങി നാല്‍പ്പതോളം താരങ്ങള്‍ ഒത്തുചേരലില്‍ പങ്കെടുത്തു. 50 അംഗങ്ങളാണ് റീയൂണിയന്‍ ക്ലബ്ബില്‍ നിലവില്‍ ഉള്ളത്. തിരക്കുമൂലം രജനീകാന്തിനും കമല്‍ഹാസനും എത്താന്‍ കഴിഞ്ഞില്ല.