ഒരു അഭിമുഖത്തിനിടെ സ്ത്രീശാക്തീകരണത്തെക്കുറിച്ച് നടി മംമ്ത മോഹന്‍ദാസ് നടത്തിയ അഭിപ്രായപ്രകടനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. രണ്ട് ലിംഗത്തില്‍ പെട്ടവര്‍ക്കിടയില്‍ സ്വാഭാവികമായ ഒരു വേര്‍തിരിവ് ഉണ്ടെന്നും ജനിക്കുന്ന ഒരു ആണ്‍കുട്ടി പേടിച്ചുകൊണ്ട് വളരുന്ന അവസ്ഥയിലാണ് ഇവിടെ നടക്കുന്ന സ്ത്രീശാക്തീകരണ ചര്‍ച്ചകളെന്നും മംമ്ത പറഞ്ഞിരുന്നു. ഒരു ആണ്‍കുട്ടിയെപ്പോലെയാണ് താന്‍ വളര്‍ത്തപ്പെട്ടതെന്നും അതിനാല്‍ പുരുഷനോട് തനിക്ക് ഇതുവരെ അപകര്‍ഷത തോന്നിയിട്ടില്ലെന്നും മംമ്ത പറഞ്ഞു. മംമ്തയുടെ അഭിപ്രായപ്രകടനത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. ഒരു ആണ്‍കുട്ടിയെപ്പോലെ വളര്‍ത്തപ്പെട്ടു എന്ന് പറയുന്നതില്‍ അഭിമാനം കൊള്ളുന്ന മംമ്തയെപ്പോലുള്ളവര്‍ക്കാണ് യഥാര്‍ഥത്തില്‍ ഫെമിനിസം ആവശ്യമുള്ളതെന്ന് രേവതി ഫേസ്ബുക്കില്‍ കുറിച്ചു.

രേവതി സമ്പത്ത് പറയുന്നു

എന്‍റെ പൊന്ന് മംമ്ത മോഹൻദാസെ, ഈ ഫെമിനിസവും വുമൺ എംപവർമെന്‍റുമൊക്കെ എന്താണെന്ന് ശരിക്കും ധാരണയില്ലെങ്കിൽ കുറഞ്ഞപക്ഷം ഇതുപോലെ സമൂഹത്തിനെ  തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വിഡ്ഢിത്തരങ്ങൾ എഴുന്നള്ളിക്കാതെ ഇരിക്കാൻ എങ്കിലും ശ്രമിക്കാം. "എന്നെ ഒരാൺകുട്ടി ആയാണ് വളർത്തിയത്"എന്നതിൽ അഭിമാനം കൊണ്ട് പുളകിതയാകുമ്പോൾ  ഫെമിനിസം ശെരിക്കും ആവശ്യമുള്ളതും നിങ്ങൾക്കാണ് എന്ന് വാക്കുകളിൽ നിന്ന് നിസ്സംശയം പറയാം. ഒരു സ്ത്രീ ആയിരുന്നിട്ടും നിങ്ങളെ ആൺകുട്ടിയെ പോലെ വളർത്തി എന്ന് പറയുന്ന ആ അഭിമാനബോധം ഉണ്ടല്ലോ, അങ്ങനെയുള്ള ബോധങ്ങളോട് തന്നെയാണ് ഫെമിനിസം നിരന്തരം കലഹിക്കുന്നത്. ഈ തുല്യതയെ കുറിച്ചൊക്കെ കൂടുതൽ ആധികാരികമായി അറിയണമെങ്കിൽ വേറൊരിടവും തേടണ്ട, താങ്കൾ ജോലി ചെയുന്ന സിനിമ തൊഴിലിടത്തിലേക്ക് ഒന്ന് കണ്ണ് തുറന്ന് നോക്കിയാൽ മാത്രം മതിയാകും. ഈ പ്രിവിലേജാകുന്ന കുന്നിന്‍റെ മുകളിൽ പായ വിരിച്ചിരുന്ന് ഇങ്ങനെയുള്ള അസഭ്യം വിളമ്പുന്ന കുറേയണ്ണം ഉണ്ട് ചുറ്റിനും!!

മംമ്ത മോഹന്‍ദാസ് പറഞ്ഞത്

സ്വാഭാവികമായ ഒരു വേര്‍തിരിവ് നമുക്കില്ലേ? രണ്ട് ലിംഗത്തില്‍ പെട്ടവര്‍ക്കിടയിലുള്ള ഒരു സ്വാഭാവികമായ വേര്‍തിരിവ്. അത് ലോകം മുഴുവനുമുള്ള പ്രശ്നമാണ്. പുരുഷന്മാര്‍ തങ്ങളെ മാറ്റിനിര്‍ത്തുന്നുവെന്ന് സ്ത്രീകള്‍ക്ക് എക്കാലവും തോന്നിയിട്ടുണ്ട്. വ്യക്തിപരമായി എനിക്ക് അങ്ങനെയൊരു അനുഭവം എനിക്ക് ഉണ്ടായിട്ടില്ല. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സ്ത്രീകള്‍ ഇപ്പോള്‍ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ജനിക്കുന്ന ഒരു ആണ്‍കുഞ്ഞ് ഇപ്പോള്‍ പേടിച്ചുകൊണ്ടാണ് വളരുന്നതെന്ന് തോന്നുന്നു. കാരണം ഞങ്ങള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകള്‍ അത്രയും ഉച്ചത്തിലാണ് ഇപ്പോള്‍ ഉന്നയിക്കപ്പെടുന്നത്. സ്ത്രീശാക്തീകരമുള്ള ലോകത്ത് ജീവിക്കേണ്ടിവരുന്ന ആ ആണ്‍കുട്ടിയുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഇക്വാലിറ്റിയില്‍ എത്തിക്കാനുള്ള ശ്രമത്തില്‍ ബാലന്‍സ് നഷ്ടപ്പെടുന്നതായാണ് എനിക്ക് തോന്നുന്നത്. ഇതുവരെ ഇല്ലാതിരുന്ന ഈ 'സ്ത്രീ ശാക്തീകരണം' കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷങ്ങളില്‍ എഴിടെനിന്നു വന്നു എന്നെനിക്ക് അറിയില്ല. ഒരു ആണിനോട് എനിക്ക് അപകര്‍ഷത തോന്നിയിട്ടില്ല. ഒരു ആണ്‍കുട്ടിയെപ്പോലെയാണ് അച്ഛന്‍ എന്നെ വളര്‍ത്തിയത്. സ്ത്രീകള്‍ പരാതിപ്പെടുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട് അത് എന്തിനാണെന്ന്. സിനിമയില്‍ നിന്ന് അത്തരത്തിലുള്ള ഒരു നെഗറ്റീവ് അനുഭവവും എനിക്ക് ഉണ്ടായിട്ടുമില്ല. ആകെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം വേതനത്തിന്‍റെ കാര്യത്തില്‍ വേര്‍തിരിവ് പാടില്ല എന്നതാണ്.