Asianet News MalayalamAsianet News Malayalam

‘സിബിഐ ഡയറിക്കുറിപ്പ് പോലെ, 2021ലെ മെഗാഹിറ്റ്’; ‘ദി പ്രീസ്റ്റി‘നെ കുറിച്ച് ഋഷിരാജ് സിംഗ്

ദി പ്രീസ്റ്റ് 2021ലെ മികച്ച മെഗാ ഹിറ്റ്സിനിമയായി മാറുമെന്നും അദ്ദേഹം തന്റെ കുറിപ്പിൽ വ്യക്തമാക്കി. പ്രീസ്റ്റ് 20 മിനിറ്റ് കൂടെ എഡിറ്റ് ചെയ്യേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

rishi raj singh facebook post about mammootty movie
Author
Kochi, First Published Mar 12, 2021, 1:04 PM IST

മ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തിയ ദി പ്രീസ്റ്റ് തിയേറ്ററിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. നിരവധി പേരാണ് സിനിമയെ പ്രശംസിച്ചു കൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി ഋഷിരാജ് സിംഗ് ഐപിഎസ്. ചിത്രം ഹോളിവുഡ് സ്റ്റൈലിലാണ് എടുത്തതെന്നും പ്രേക്ഷകരെ മുൾമുനയിൽ നിർത്താൻ സാധിക്കുന്നുണ്ടെന്നും ഋഷിരാജ് സിംഗ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ചിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

ദി പ്രീസ്റ്റ് 2021ലെ മികച്ച മെഗാ ഹിറ്റ്സിനിമയായി മാറുമെന്നും അദ്ദേഹം തന്റെ കുറിപ്പിൽ വ്യക്തമാക്കി. പ്രീസ്റ്റ് 20 മിനിറ്റ് കൂടെ എഡിറ്റ് ചെയ്യേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഋഷിരാജ് സിംഗിന്റെ ഫേസ്ബുക്ക് പോസ്റ്റ്

The Priest'- ഒരു പുരോഹിതന്റെ കുറ്റാന്വേഷണം - ഹോളിവുഡ് സ്റ്റൈലിൽ എടുത്ത മലയാളം സിനിമ.

ഫിലിം റിവ്യൂ

ഋഷിരാജ് സിംഗ്

ഒരാൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നതും മരണശേഷം ആത്മാവ് മറ്റൊരാളുടെ ശരീരത്തിൽ പ്രവേശിക്കുന്നതും പ്രതികാരം ചെയ്യുന്നതും നിരവധി സിനിമകളിൽ കണ്ടിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇങ്ങനെയുള്ള കാര്യങ്ങൾ സയൻസും അംഗീകരിക്കുന്നുണ്ട്. പാരാസൈക്കോളജിയിൽ ഇതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. ഒരാളുടെ ശരീരത്തിലെ പ്രേത ബാധ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി സിനിമകളും നമ്മൾ കണ്ടിട്ടുണ്ട്. 'The Exorcist ' എന്ന പേരിൽ ഹോളിവുഡിൽ സിനിമകളുടെ ഒരു പരമ്പര തന്നെ ഉണ്ടാക്കിയിട്ടുണ്ട്. മലയാളത്തിൽ ആണെങ്കിൽ 'മണിച്ചിത്രത്താഴും' ഇതുപോലുള്ള ഒരു സിനിമയായിരുന്നു. ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി എന്നാൽ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമയാണ് 'The Priest'.

മമ്മൂട്ടിയുടെ ഒരു സിബിഐ ഡയറിക്കുറിപ്പ് പോലെ തെളിയിക്കപ്പെടാത്ത കേസുകൾ കണ്ടുപിടിക്കുന്ന ഫാദർ ബെനഡിക്റ്റ് എന്ന പുരോഹിതൻ ആയിട്ടാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. കഴിഞ്ഞ 34 വർഷ കാലത്തിനിടയ്ക്ക് മമ്മൂട്ടി അന്വേഷണ ഉദ്യോഗസ്ഥനായിട്ടുള്ള ഒരുപാട് സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്, എന്നാൽ ഈ സിനിമയിൽ പുരോഹിതനാണെങ്കിലും ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ എല്ലാ മികവുകളും കാണാൻ കഴിയും.

മാതാപിതാക്കൾ വളരെ ചെറുപ്പകാലത്തുതന്നെ നഷ്ടപ്പെട്ടെങ്കിലും അനുജത്തിയെ യാതൊരു കുറവുകളും ഇല്ലാതെ നോക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിർഭാഗ്യവശാൽ അതിനു സാധിക്കാതെ പോകുന്ന ഒരു ചേച്ചിയുടെ കഥാപാത്രമായി മഞ്ജുവാര്യർ വളരെ മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു. ഈ സിനിമ കാണുമ്പോൾ സൂസൻ എന്ന റോൾ മഞ്ജുവാര്യർക്ക് വേണ്ടി മാത്രം എഴുതിയതായി തോന്നുന്നു.

ബേബി മോണിക്കയുടെ അമേയ എന്ന കഥാപാത്രം സാധാരണയുള്ള ബാലതാരങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ അഭിനയമാണ് അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ കഥ തന്നെ മുന്നോട്ടു പോകുന്നത് ഈ കുട്ടിയുടെ അസ്വസ്ഥതകളിൽ നിന്നുമാണ്.

അനാഥാലയത്തിൽ താമസിക്കുന്ന ഒരു കുട്ടിയുടെ പ്രശ്നങ്ങൾ നിഖില വിമൽ (ജെസ്സി ടീച്ചർ) മനസ്സിലാക്കുന്നതും അത് കൈകാര്യം ചെയ്യുന്നതും വളരെ നല്ല രീതിയിൽ ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നു.

അനാഥാലയം നടത്തുന്ന വളരെ കാരുണ്യം ഉള്ള സിസ്റ്റർ ആയി സാനിയയും അഭിനയിച്ചിരിക്കുന്നു.

രമേശ് പിഷാരടി ഡോക്ടർ ആയും ജഗദീഷ് വക്കീൽ ആയും കൊച്ചുപ്രേമൻ ലൈബ്രേറിയനായും ശ്രീനാഥ് ഭാസി സുഹൃത്തായും, മധുപാൽ, വെങ്കിടേഷ്, ടി.ജി.രവി തുടങ്ങിയവരും അവരുടേതായ തനത് ശൈലിയിൽ ഉള്ള അഭിനയം കാഴ്ച്ചവെചിട്ടുണ്ട്. ഡിവൈഎസ്പി ശേഖറിന്റെ അഭിനയവും വ്യത്യസ്തത പുലർത്തുന്നതാണ്.

ഈ സിനിമയിൽ രാഹുൽ രാജിന്റെ ബാഗ്രൗണ്ട് മ്യൂസിക് സിനിമയിലെ ഹൊറർ, സസ്പെൻസ്, മിസ്ട്രി രംഗങ്ങളെ വളരെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സഹായിച്ചിട്ടുണ്ട്. ബാഗ്രൗണ്ട് മ്യൂസിക് നല്ലരീതിയിൽ ആസ്വദിക്കണമെങ്കിൽ തീയേറ്ററിൽ തന്നെ സിനിമ കാണേണ്ടതാണ്.

എഡിറ്റർ ഷമീർ കുറഞ്ഞത് 20 മിനിറ്റെങ്കിലും കൂടി എഡിറ്റ് ചെയ്യേണ്ടതായിരുന്നു എന്നാണ് എന്റെ അഭിപ്രായം.

ജോഫിൻ ടി ചാക്കോയാണ് സ്ക്രിപ്റ്റും സംവിധാനവും നിർവഹിച്ചിട്ടുള്ളത്. ഒരു തുടക്കക്കാരന്റെ സിനിമയാണെന്ന് ഇത് കണ്ടാൽ ഒരിക്കലും മനസ്സിലാക്കാൻ കഴിയില്ല.

ശ്യാം മേനോനും ദീപു പ്രദീപുമാണ് സ്ക്രീൻപ്ലേ നിർവഹിച്ചിരിക്കുന്നത്.

എല്ലാവരും തിയേറ്ററിൽ പോയി കാണേണ്ട സിനിമയാണ് 'The priest'. 2021 ലെ മികച്ച മെഗാ ഹിറ്റ് സിനിമയായി മാറും എന്നതിൽ യാതൊരു സംശയവുമില്ല.

Follow Us:
Download App:
  • android
  • ios