കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ജോലിഭാരമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിശ്രമത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യമൊരുക്കി ബോളിവുഡ് സംവിധായകന്‍ രോഹിത്ത് ഷെട്ടി. മുംബൈ പൊലീസിലെ ഉദ്യേഗസ്ഥര്‍ക്കാണ് നഗരത്തില്‍ തന്‍റെ ഉടമസ്ഥതയിലുള്ള എട്ട് ഹോട്ടലുകള്‍ രോഹിത്ത് ഷെട്ടി തുറന്നുകൊടുത്തിരിക്കുന്നത്. വിശ്രമിക്കാനും കുളിക്കാനുമുള്ള സൗകര്യത്തിനൊപ്പം ഈ ഹോട്ടലുകളില്‍ നിന്ന് പൊലീസുകാര്‍ക്ക് പ്രഭാതഭക്ഷണവും അത്താഴവും കഴിക്കാം. അവശ്യസമയത്തുള്ള സഹായത്തിന് മുംബൈ പൊലീസ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സംവിധായകനെ നന്ദിയും അറിയിച്ചിട്ടുണ്ട്.

"ഡ്യൂട്ടിയിലുള്ള ഞങ്ങളുടെ കൊവിഡ് പോരാളികള്‍ക്ക് വിശ്രമിക്കാനും കുളിക്കാനുമുള്ള സൗകര്യത്തിനൊപ്പം തന്‍റെ എട്ട് ഹോട്ടലുകളില്‍ പ്രഭാതഭക്ഷണത്തിനും അത്താഴത്തിനുമുള്ള ഏര്‍പ്പാടു ചെയ്‍തിരിക്കുകയാണ് രോഹിത്ത് ഷെട്ടി. മുംബൈയെ കൊറോണയില്‍ നിന്നും സുരക്ഷിതമാക്കാനുള്ള ഞങ്ങളുടെ ശ്രമത്തിനിടെ നല്‍കിയ സഹായത്തിന്, ഈ ദയാവായ്പ്പിന് ഞങ്ങള്‍ അദ്ദേഹത്തോട് നന്ദി പറയുന്നു", മുംബൈ പൊലീസ് ട്വീറ്റ് ചെയ്‍തു.

നേരത്തെ സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാനുള്ള ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസിന്‍റെ ദുരിതാശ്വാസനിധിയിലേക്ക് രോഹിത്ത് ഷെട്ടി 51 ലക്ഷം രൂപ നല്‍കിയിരുന്നു. ബോളിവുഡില്‍ നിന്ന് നിരവധി പേര്‍ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സഹായങ്ങളുമായി രംഗത്തെത്തിയിരുന്നു. നടന്‍ സോനു സൂദ് തന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ കൊവിഡ് പ്രതിരോധത്തിന്‍റെ മുന്‍നിരയിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെ താമസത്തിനായി വിട്ടുനല്‍കിയിരുന്നു. ഷാരൂഖ് ഖാന്‍ തന്‍റെ നാല് നിലയുള്ള ഓഫീസ് കെട്ടിടം കൊവിഡ് 19 രോഗികള്‍ക്ക് ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കുന്നതിനായി നല്‍കാമെന്നും അറിയിച്ചിരുന്നു.