"അഭിനയ ജീവിതത്തിനു വിരാമം, വിവാഹ ശേഷം  മോക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി മാറിയ എന്നെ വിളിച്ചാൽ  കാര്യമില്ലത്രേ. ഞാൻ പിന്നെന്താ പറയാ... വഴിയേ പോണവർ എന്‍റെ ജീവിതം അങ്ങോട്ട് തീരുമാക്കുകയാണ്"

ഒരിടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് നടി റോഷ്‍ന ആന്‍ റോയ് (Roshna Ann Roy). വിവാഹ ശേഷം താന്‍ അഭിനയം നിര്‍ത്തിയെന്ന തരത്തില്‍ പ്രചരണം നടന്നെന്ന് റോഷ്‍ന പറയുന്നു. ഭഗവാന്‍ ദാസന്‍റെ രാമരാജ്യം (Bhagavan Dasante Ramarajyam) എന്ന ചിത്രത്തിലൂടെയാണ് അവര്‍ തിരിച്ചുവരുന്നത്. ഒമര്‍ ലുലുവിന്‍റെ ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആളാണ് റോഷ്ന. ചിത്രത്തില്‍ അവര്‍ അവതരിപ്പിച്ച സ്നേഹ മിസ് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

റോഷ്‍നയുടെ കുറിപ്പ്

അങ്ങനെ കുറച്ചു നാളത്തെ വലിയ കാത്തിരിപ്പിനോടുവിൽ ഞാനിതാ എന്റെ സന്തോഷത്തിലേക്ക്. 2019 ല്‍ മേക്കപ്പ് ആന്‍ഡ് ബ്യൂട്ടീഷ്യന്‍ ഡിപ്ലോമ എടുത്തു. ഒരുക്കുന്നത് ഇഷ്ടമുള്ള കാര്യമായതുകൊണ്ട് അതും കൂടെ കൊണ്ടുപോകണം എന്ന് ആഗ്രഹിച്ചാണ് പഠിച്ചത്. എന്തോ കൊറോണ വന്നപ്പൊ എനിക്കതായിരുന്നു ആശ്രയം. ആ സമയത്തായിരുന്നു വിവാഹവും. എന്റെ വിവാഹശേഷം ഒരു 6 മാസത്തിനു ശേഷം സിനിമയ്ക്കു വിലക്കുകളിൽ നിന്നു മോചനം. എല്ലാവരും വീണ്ടും തിരക്കു പിടിച്ച സമയത്തിലേക്ക്. അന്ന് എന്റെ കാര്യം നല്ല കോമഡി ആയിട്ടു പോകുന്നു. ഈച്ച ആട്ടി ഇരിക്കുക എന്നൊക്കെ പറഞ്ഞു കെട്ടിട്ടേ ഉള്ളൂ. ഞാൻ ഏതാണ്ടൊക്കെ അങ്ങനൊരു അവസ്ഥയിലായിരുന്നു. എങ്കിലും ഒന്നല്ലേൽ വേറെ, എന്നൊരു മൂഡില്‍ ഞാൻ പഠിച്ചതൊക്കെ കൂട്ടി ചേർത്ത് മേക്കപ്പ് ജോലികള്‍ ചെയ്യാൻ തുടങ്ങി. വെറുതെ ഇരിക്കാനുള്ള മനസ് അന്നുമില്ല ഇന്നുമില്ല. അത്രേ ഉള്ളൂ.

കോണ്ടാക്റ്റ്സ് കുറഞ്ഞിട്ടാകും എന്നൊക്കെ മനസിൽ തോന്നി. ഒരീസം ചുമ്മാ എല്ലാ കോണ്ടാക്റ്റ്സും പൊടിതട്ടിയെടുത്ത് എല്ലാർക്കും മെസേജ് അയച്ചപ്പോഴാണ് കാര്യങ്ങൾ വേറെ ലെവലിൽ പോയി കൊണ്ടിരിക്കുവാണെന്നു മനസിലായത്. അഭിനയ ജീവിതത്തിനു വിരാമം, വിവാഹ ശേഷം മോക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി മാറിയ എന്നെ വിളിച്ചാൽ കാര്യമില്ലത്രേ. ഞാൻ പിന്നെന്താ പറയാ... വഴിയേ പോണവർ എന്റെ ജീവിതം അങ്ങോട്ട് തീരുമാക്കുകയാണ്. ന്തായാലും ഇതറിഞ്ഞപ്പോൾ ഇച്ചിരി വെഷമിച്ചെങ്കിലും മൈന്‍ഡ് ആക്കിയില്ല. സ്വന്തമായി ഞാൻ തന്നെ ഇടയ്ക്കു മറന്നു പോയി തുടങ്ങി, എന്റെ കഴിവുകളെ. വീണിടം വിഷ്ണു ലോകം, അങ്ങനെ ഒരു വീട്ടുകാരിയായും ഭാര്യയായുമൊക്കെ ഒതുങ്ങാന്‍ തയ്യാറെടുത്തു കൊണ്ടിരുന്ന ഞാൻ ഇങ്ങനെ ഒരു അന്തോം കുന്തോം ഇല്ലാണ്ട് നിക്കുമ്പോഴാണ് ഒരു തമിഴ് പ്രോജക്റ്റ് ചെയ്യുന്നത്. അതായിരുന്നു തുടക്കം. 

ആ ഒരു പ്രചോദനം കൊണ്ടാവാം ഇന്ന്, കൃത്യമായി പറഞ്ഞാൽ 3 വർഷവും 4 മാസവും കഴിയുമ്പോൾ മലയാള സിനിമയുടെ ഭാഗമാകുവാൻ ദൈവം വീണ്ടും എന്നെ നിയോഗിച്ചു. ആദ്യമായി സ്കൂളിലേക്ക് ചെല്ലുന്ന ഒരു കുട്ടിയുടെ പ്രതീതിയാണ് എനിക്കിപ്പോൾ. സിനിമ കിട്ടിയില്ലെങ്കിലും. ഒരാൾ വിളിച്ചിട്ടു ഒരു കഥ പറഞ്ഞപ്പോൾ കിട്ടിയ സന്തോഷം എനിക്കു പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. എന്തായാലും റഷീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ ഭഗവാൻ ദാസന്റെ രാമ രാജ്യം എന്ന സിനിമയിലൂടെ ശക്തമായ ഒരു കഥാപാത്രമായി ഞാനും തിരിച്ചു വരുന്നു. ദൈവാനുഗ്രഹത്താൽ പൂജ, സ്വിച്ചോണ്‍ ബഹുമാനപ്പെട്ട സിബി മലയിൽ സാര്‍, ഷാജി കൈലാസ് സാര്‍, ലിസ്റ്റിൻ ചേട്ടൻ, ടി ജി രവി ചേട്ടൻ എന്നിവരുടെ സാന്നിധ്യത്തില്‍ ഭംഗിയായി നടന്നു. എല്ലാവരുടെയും പ്രാർത്ഥനയോടെ ഞങ്ങളുടെ സിനിമ ഇന്ന് ആരംഭിക്കുന്നു. "ഭഗവാൻ ദാസന്‍റെ രാമ രാജ്യം" 🔥🔥🔥