Asianet News MalayalamAsianet News Malayalam

കൊവിഡ് ബോധവത്ക്കരണ വീഡിയോയുമായി ആര്‍ആര്‍ആര്‍ ടീം

സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ചിത്രം പറയുന്നത്.
 

RRR team covid campaign video
Author
Kochi, First Published May 7, 2021, 4:27 PM IST

ബാഹുബലി സംവിധായകൻ രാജമൗലിയുടെ പുതിയ ചിത്രം  ആര്‍ആര്‍ആറിന്റെ അണിയറയിൽ നിന്ന് കൊവിഡ് ബോധവത്ക്കരണ വീഡിയോ പുറത്തിറക്കി. നായിക ആലിയ ഭട്ട്, സംവിധായകൻ രാജമൗലി, നടന്മാരായ രാം ചരൺ, ജൂനിയർ എൻടിആർ, അജയ് ദേവ്ഗൺ എന്നിവർ കോവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടാൻ തയാറെടുക്കണം എന്ന സന്ദേശം നൽകുകയാണ്. സംവിധായകൻ മലയാളത്തിലും സന്ദേശം നൽകുന്നുണ്ട്. ബാഹുബലിയുടെ വമ്പൻ വിജയത്തിനു ശേഷം രാജമൗലി ഒരുക്കുന്ന അടുത്ത ചിത്രത്തിനായി ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഡി വി വി ധനയ്യയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിൻന്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. ചിത്രത്തിൽ ജൂനിയർ എൻടിആറാണ് ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'ആര്‍‌ആര്‍ആര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂർണ രൂപം 'രുധിരം രണം രൗദ്രം' എന്നാണ്. രാംചരണാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മുന്നൂറു കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പറയുന്നത് ഒരു ചരിത്ര കഥയാണ്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ. രാം ചരൺ ചിത്രത്തിൽ അല്ലൂരി സാതാരാമ രാജു ആയി എത്തുമ്പോൾ ജൂനിയർ എൻടിആറാണ് വെള്ളിത്തിരയിൽ കോമരം ഭീം ആയി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്‍ജര്‍ ജോണ്‍സാണ് ചിത്രത്തിൽ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് നടന്‍ സമുദ്രക്കനിയും ചിത്രത്തിൽ എത്തുന്നതായും സംവിധായകൻ രാജമൗലി മുൻപ് വ്യക്തമാക്കിയിരുന്നു.

ഒലിവിയ മോറിസ്, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ആര്‍ആറിന്റെ സംഗീതത്തിനായി എം എം കീരവാനിയും, സംഘട്ടന രംഗങ്ങൾക്കായി കെ.‌കെ. സെന്തിൽ കുമാറും എത്തിയിട്ടുണ്ട്. സിനിമയുമായി അടുത്ത വൃത്തങ്ങൾ പറയുന്നതനുസരിച്ച്, RRR ഇതിനകം തന്നെ ഇന്ത്യയുടെ വിവിധ മേഖലകൾക്കായി പ്രദർശനത്തിനുള്ള തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഡോ. ജയന്തിലാൽ ഗഡയുടെ പെൻ സ്റ്റുഡിയോ ചിത്രത്തിന്റെ ഹിന്ദിയിലെ വിതരണാവകാശം നേടിയപ്പോൾ, തമിഴ് നിർമ്മാണ സ്ഥാപനമായ ലൈക പ്രൊഡക്ഷൻസ് തമിഴ്‌നാടിന്റെ വിതരണാവകാശം സ്വന്തമാക്കി എന്നാണ് റിപ്പോർട്ട്.ആർ‌ആർ‌ആർ ഒക്ടോബർ 13 ന് തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും.
പി ആർ ഒ - ആതിര ദിൽജിത്ത്.

Follow Us:
Download App:
  • android
  • ios