രാജ്യത്ത് ഒരുപാട് വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന ശബ്‍ദമാണ് എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റേത്. കഴിഞ്ഞ ദിവസം അദ്ദേഹം വിടവാങ്ങിയിരുന്നു. ആരാധകരെ സങ്കടത്തിലാക്കിക്കൊണ്ട് ആയിരുന്നു അദ്ദേഹം വിടവാങ്ങിയത്. കമല്‍ഹാസന്റെയായാലും രജനികാന്തിന്റെ ആയാലും ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. രജനികാന്തിന്റെ സിനിമകളില്‍ എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റെ ഗാനം ഒരു അനിവാര്യ ഘടകമായിരുന്നു. രജനികാന്തിന്റെ പുതിയ സിനിമയിലും എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റെ ഗാനമുണ്ട് എന്നതാണ് ആരാധകരെ തെല്ലൊന്നു ആശ്വസിപ്പിക്കുന്ന  വാര്‍ത്ത.

രജനികാന്തിന്റെ ഹിറ്റ് ഗാനങ്ങളായ ഓട്ടോക്കാരൻ ഓട്ടോക്കാരൻ, ആണ്ടവൻ തുടങ്ങിയ ഗാനങ്ങളെല്ലാം എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റെ ശബ്‍ദത്തിലായിരുന്നു. രജനികാന്തിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമായ ദര്‍ബാറിലും ചുമ്മാ കിഴി എന്ന ഹിറ്റ് ഇൻട്രോ ഗാനം എസ് പി ബാലസുബ്രഹ്‍മണ്യമായിരുന്നു പാടിയത്. സിരുത്തൈ ശിവ രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന അണ്ണാത്തൈ എന്ന സിനിമയിലും രജനികാന്തിന് ആയി ഇൻട്രോ സോംഗ് പാടിയിരിക്കുന്നത് എസ് പി ബാലസുബ്രഹ്‍മണ്യം ആണ്. ഡി ഇമ്മൻ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചത് വിവേക് ആണ്. കൊവിഡ് രോഗ ഭീതിയെ തുടര്‍ന്നാണ് ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങിയത്. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങുന്ന ചിത്രത്തില്‍ എസ് പി ബാലസുബ്രഹ്‍മണ്യം പാടിയ പാട്ട് എല്ലാ തവണയും വൻ ഹിറ്റാകുമെന്ന് തന്നെയാണ് ആരാധകര്‍ കരുതുന്നത്.