സച്ചി സേതുവെന്നായിരുന്നു ആദ്യം സ്‍ക്രീനില്‍ തെളിഞ്ഞിരുന്നത്. 2007ല്‍. ചോക്ലേറ്റ് എന്ന സിനിമയിലൂടെ. കെ ആര്‍ സച്ചിദാനന്ദനും എ സേതുമാധവനും ഒന്നിച്ച് എഴുതിയ തിരക്കഥയില്‍ പൃഥ്വിരാജ് നായകനായി. ഷാഫിയായിരുന്നു സംവിധായകൻ. ചിത്രം വൻ ഹിറ്റായതോടെ സച്ചി- സേതു തിരക്കഥാകൃത്ത് മിന്നുംപേരായി.  ഡബിള്‍സ് എന്ന സിനിമയോട് ഇരുവരും വേര്‍പിരിയുകയും ചെയ്‍തു.  പക്ഷേ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ഒന്നിക്കണമെന്നും ഇവര്‍ തീരുമാനിച്ചിരുന്നു. അത്തരമൊരു ആലോചന നടന്നിരുന്നുവെന്ന് സേതു 2017ല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് തന്നെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സച്ചി സംവിധായകനായി മാറിയ ശേഷമായിരുന്നു സേതുവുമായി വീണ്ടും ഒന്നിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. രണ്ടുപേരും മുമ്പ് ആലോചിച്ച ഒരു കഥ തന്നെയായിരുന്നു ചെയ്യാൻ തീരുമാനിച്ചത്. സച്ചി- സേതു തിരക്കഥാകൃത്തായും സച്ചി സംവിധായകനായും. സച്ചി തന്നെ അങ്ങനൊയൊരു ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നായിരുന്നു അന്ന് സേതു പറഞ്ഞിരുന്നത്. പ്രേക്ഷകരുടെ ഭാഗ്യമില്ലായ്‍മയോ എന്തോ അത് ഇതുവരെ സാധ്യമായിട്ടില്ല. 

സേതുവും സച്ചിയും തമ്മിലുള്ള ചര്‍ച്ചകളായിരുന്നു ഇരുവരെയും സിനിമയിലേക്ക് എത്തിച്ചത്. വക്കീല്‍ കോട്ടിട്ട് സൌഹൃദമായിരുന്നു അത്. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യാൻ സച്ചി എത്തുന്നു.  സേതുവിന്റെ കെട്ടിടമാണ് സച്ചിക്ക് ഓഫീസായി കിട്ടിയത്. സിനിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ കഥകള്‍ ആലോചിക്കുന്നതിലേക്ക് എത്തി. അത് റോബിൻഹുഡ് എന്ന തിരക്കഥയിലേക്കും. അരുണിനെയും അതുല്‍ കുല്‍ക്കര്‍ണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സിനിമ സംവിധാനം ചെയ്യാനും തീരുമാനിച്ചു. പക്ഷേ സംവിധാന സംരഭം നടന്നില്ല. സിനിമ ഒടുവില്‍ ജോഷി സംവിധാനം ചെയ്‍തു. 

ആദ്യം റോബിൻഹുഡ് ആണ് എഴുതിയ തിരക്കഥയെങ്കിലും റിലീസ് ആയത് ചോക്ലേറ്റ് ആയിരുന്നു. റോബിൻഹുഡ് സിനിമയാകാൻ വൈകിയപ്പോള്‍ ഷാഫിക്ക് വേണ്ടി തിരക്കഥയെഴുതുകയായിരുന്നു. ചിത്രം വിജയവുമായി.  തുടര്‍ന്ന് മേയ്‍ക്കപ്പ് മാൻ, സീനിയേഴ്‍സ്, ഡബിള്‍സ് എന്നീ തിരക്കഥകളും ഒന്നിച്ച് എഴുതി. ഡബിള്‍സിന് ശേഷമായിരുന്നു ഇരുവരും പിരിഞ്ഞത്. 

ഒരുമിച്ചുള്ള ആലോചനകളില്‍ വിയോജിപ്പ് വന്നതോടെയായിരുന്നു പിരിഞ്ഞത് എന്ന് സച്ചിയും സേതുവും ഒരുപോലെ പറഞ്ഞിരുന്നു. 

തിരക്കഥാകൃത്തുക്കള്‍ എന്ന ലേബലില്‍ നിന്ന് മാറി സംവിധായകനായി മാറിയ സച്ചി സേതുവുമായി വീണ്ടും കൈകോര്‍ക്കാൻ ആലോചിച്ചിരുന്നു. സച്ചി- സേതു തിരക്കഥയില്‍ സച്ചിയുടെ സംവിധാനം. അത് ചെയ്യാമെന്ന് ഏറ്റിരുന്നുവെന്നുമായിരുന്നു സേതുവും അന്ന് പറഞ്ഞിരുന്നത്. പക്ഷേ സിനിമയുടെ കാര്യമല്ലേ എന്ന് മാത്രം പറയാം, സംഭവിക്കാത്ത ആ സിനിമയെ കുറിച്ച്.