അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി പുതിയ സിനിമാ നിര്‍മ്മാണക്കമ്പനി. 'സച്ചി ക്രിയേഷന്‍സ്' എന്ന് പേരിട്ടിരിക്കുന്ന കമ്പനി ക്രിസ്‍മസ് ദിനത്തില്‍ പൃഥ്വിരാജ് ആണ് പ്രഖ്യാപിച്ചത്. സച്ചിയുടെ പിറന്നാള്‍ ദിനം കൂടിയാണ് ഇന്ന് എന്ന പ്രത്യേകതയുമുണ്ട്. സിനിമാ നിര്‍മ്മാണം സച്ചിയുടെ വലിയ ആഗ്രഹമായിരുന്നുവെന്നും അതിനുള്ള ശ്രമങ്ങളും അദ്ദേഹം ആരംഭിച്ചിരുന്നുവെന്നും പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായാണ് പുതിയ കമ്പനിയെന്നും നല്ല സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുകയാവും ലക്ഷ്യമെന്നും പൃഥ്വി കുറിച്ചു.

പൃഥ്വിരാജിന്‍റെ കുറിപ്പ്

"നമസ്‍കാരം, എല്ലാവർക്കും എന്‍റെ ക്രിസ്തുമസ് ആശംസകൾ. ഡിസംബര്‍ 25 എന്നെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്. എന്‍റെ പ്രിയ സുഹൃത്തും തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്‍റെ ഒരുപാട് ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിർമ്മിക്കണമെന്നത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിർഭാഗ്യവശാൽ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല. അദ്ദേഹത്തിന്‍റെ ഓർമ്മ നിലനിർത്തുന്നതിനും ആഗ്രഹപൂർത്തീകരണത്തിനും വേണ്ടി ഇന്ന് ഞാനൊരു ബാനർ അനൗൺസ്‌മെന്‍റ് നടത്തുകയാണ്- സച്ചി ക്രിയേഷന്‍സ്. ഈ ബാനറിലൂടെ നല്ല സിനിമകൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.."

ജൂണ്‍ 18നായിരുന്നു സച്ചിയുടെ വിയോഗം. 'അയ്യപ്പനും കോശിയും' എന്ന കരിയറിലെ ഏറ്റവും വലിയ വിജയചിത്രം തീയേറ്ററുകളില്‍ തുടരുമ്പോഴായിരുന്നു ആ മരണവാര്‍ത്ത എത്തിയത്. സിനിമയില്‍ സച്ചിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു പൃഥ്വിരാജ്. സച്ചി സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളിലും പൃഥ്വിരാജ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.