അതേസമയം ആന്ധ്ര പ്രദേശില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് നിരക്കില്‍ പുനപരിശോധന വേണമെന്ന ആവശ്യത്തിലാണ് തിയറ്റര്‍ ഉടമകള്‍

സായ് പല്ലവി നായികനാവുന്ന തെലുങ്ക് റൊമാന്‍റിക് ഡ്രാമ ചിത്രം 'ലവ് സ്റ്റോറി' തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. ശേഖര്‍ കമ്മുല രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നാഗ ചൈതന്യയാണ് നായകന്‍. സെപ്റ്റംബര്‍ 10ന് ചിത്രം തിയറ്ററുകളിലെത്തും. കൊവിഡ് സാഹചര്യത്തില്‍ റിലീസ് നീണ്ടുപോയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് ലവ് സ്റ്റോറിയും.

നാഗ ചൈതന്യയും സായ് പല്ലവിയും ആദ്യമായി സ്ക്രീനില്‍ ഒരുമിച്ചെത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അമിഗോസ് സിനിമാസ്, ശ്രീ വെങ്കടേശ്വര സിനിമാസ് എന്നീ ബാനറുകളാണ്. പവന്‍ സി എച്ച് ആണ് സംഗീതം. ചിത്രത്തിലെ പുറത്തെത്തിയ ഗാനങ്ങള്‍ വലിയ ആസ്വാദകപ്രീതി നേടിയിരുന്നു. വിജയ് സി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് മാര്‍ത്താണ്ഡ് കെ വെങ്കടേഷ്. 

Scroll to load tweet…

അതേസമയം ആന്ധ്ര പ്രദേശില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് നിരക്കില്‍ പുനപരിശോധന വേണമെന്ന ആവശ്യത്തിലാണ് തിയറ്റര്‍ ഉടമകള്‍. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ചിരഞ്ജീവിയുടെ നേതൃത്വത്തില്‍ തെലുങ്ക് സിനിമാ മേഖലയുടെ പ്രതിനിധികള്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയില്‍ മുന്നോട്ടുവെക്കേണ്ട നിലപാട് സംബന്ധിച്ച് ധാരണയിലെത്താനായിരുന്നു ഇന്നലെ ചേര്‍ന്ന യോഗം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona