നാഗ ചൈതന്യയും സായ് പല്ലവിയും ആദ്യമായി സ്ക്രീനില്‍ ഒരുമിച്ചെത്തുന്ന ചിത്രം 

കൊവിഡ് സാഹചര്യത്തില്‍ പലതവണ റിലീസ് നീട്ടിവെക്കേണ്ടിവന്ന ചിത്രമാണ് സായ് പല്ലവി നായികയാവുന്ന തെലുങ്ക് റൊമാന്‍റിക് ഡ്രാമ ചിത്രം 'ലവ് സ്റ്റോറി'. നാഗചൈതന്യ നായകനാവുന്ന ചിത്രം ഏപ്രില്‍ 14ന് എത്തേണ്ടതായിരുന്നു. പക്ഷേ കൊവിഡ് രണ്ടാം തരംഗം മൂലം ഓഗസ്റ്റ് 18 എന്ന തീയതിയിലേക്ക് ആദ്യം മാറ്റിയ ചിത്രത്തിനായി സെപ്റ്റംബര്‍ 10 എന്ന തീയതിയും തീരുമാനിച്ചിരുന്നു. എന്നാല്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളാല്‍ ചിത്രം ഒരിക്കല്‍ക്കൂടി നീട്ടിവെക്കേണ്ടിവന്നിരിക്കുകയാണെന്ന് നിര്‍മ്മാതാക്കളായ ശ്രീ വെങ്കടേശ്വര സിനിമാസ് അറിയിച്ചു.

"ഒഴിവാക്കാവാത്ത സാഹചര്യങ്ങളാല്‍ ലവ് സ്റ്റോറി എന്ന ഞങ്ങളുടെ ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. നിങ്ങള്‍ ഏവരെയും ചിത്രം കാണിക്കാനായുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍. സെപ്റ്റംബര്‍ 24 ആണ് പുതിയ റിലീസ് തീയതി. നിങ്ങള്‍ ഏവരെയും ഉടന്‍ തിയറ്ററുകളില്‍ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും സുരക്ഷിതവും സന്തോഷകരവുമായ ഒരു വിനായക ചതുര്‍ഥി ആശംസിക്കുന്നു", നിര്‍മ്മാതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Scroll to load tweet…

ശേഖര്‍ കമ്മുല രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണിത്. നാഗ ചൈതന്യയും സായ് പല്ലവിയും ആദ്യമായി സ്ക്രീനില്‍ ഒരുമിച്ചെത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അമിഗോസ് സിനിമാസ്, ശ്രീ വെങ്കടേശ്വര സിനിമാസ് എന്നീ ബാനറുകളാണ്. പവന്‍ സി എച്ച് ആണ് സംഗീതം. ചിത്രത്തിലെ പുറത്തെത്തിയ ഗാനങ്ങള്‍ വലിയ ആസ്വാദകപ്രീതി നേടിയിരുന്നു. വിജയ് സി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് മാര്‍ത്താണ്ഡ് കെ വെങ്കടേഷ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona