വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വളർന്ന്, സൗമ്യമായ ഇടപെടലുകളിലൂടെയും രാഷ്ട്രീയ പക്വതയിലൂടെയും പാർട്ടിയിൽ സർവസ്വീകാര്യനായതാണ് റോജിയെ മന്ത്രിസ്ഥാനത്തേക്ക് എത്തിച്ചത്

സംസ്ഥാന കോണ്‍ഗ്രസിന്‍റെ യുവനിരയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്‍റെ ഇടം കണ്ടെത്തിയ നേതാവാണ് മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്ന റോജി എം ജോണ്‍. കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയുളള റോജിയുടെ വളര്‍ച്ച. സൗമ്യമായ ഇടപെടലുകളിലൂടെ പാര്‍ട്ടിയിലുണ്ടാക്കിയ സര്‍വ സ്വീകാര്യതയുടെ കരുത്തിലാണ് റോജി മന്ത്രിയാകുന്നത്.

Add Asianetnews as a Preferred SourcegooglePreferred

43 വയസേ ആയിട്ടുളളൂ റോജിക്ക്. പക്ഷേ രാഷ്ട്രീയ പക്വതയുടെ കാര്യത്തില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ പോലും അമ്പരപ്പിച്ചിട്ടുണ്ട് റോജി. കെ.സുധാകരന് പകരം കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിച്ചവരുടെ പട്ടികയിലെ ആദ്യപേര് റോജിയുടേതായിരുന്നു. പക്ഷേ താനതിന് പാകമായിട്ടില്ലെന്ന് പറഞ്ഞ് കയ്യില്‍ വന്ന സുവര്‍ണാവസരത്തെ വേണ്ടെന്നു വച്ചിടത്താണ് റോജിയെന്ന യുവനേതാവ് പാര്‍ട്ടിയിലെ സമകാലികര്‍ക്കിടയില്‍ വ്യത്യസ്തനായത്.

കോട്ടയത്തു നിന്ന് കണ്ണൂരിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിലെ ഇളമുറക്കാരനാണ് റോജി. ജനനവും സ്കൂള്‍ പഠനവും കണ്ണൂരിലെ കുടിയേറ്റ ഗ്രാമമായ താബോറില്‍. പ്രീഡിഗ്രി പഠിക്കാന്‍ തേവര എസ്എച്ച് കോളജിലെത്തിയതോടെ റോജിക്കു മുന്നില്‍ രാഷ്ട്രീയ വഴിയും തെളിഞ്ഞു. കോളേജ് യൂണിയന്‍ ഭാരവാഹിത്വത്തിനപ്പുറം കെ എസ് യുവില്‍ കാര്യമായ പദവികളൊന്നും കിട്ടിയില്ലെങ്കിലും എംഫില്‍ പഠനത്തിനായി ദില്ലി ജെന്‍യുവിലെത്തിയതോടെ കഥ മാറി. ജെഎന്‍യുവില്‍ കൗണ്‍സിലറായി ജയിച്ച റോജി എന്‍എസ് യു ഐ സംഘടനാ തിരഞ്ഞെടുപ്പ് സമിതി കണ്‍വീനറായും ദേശീയ വൈസ് പ്രസിഡന്‍റായും വളര്‍ന്നു. തേവര കോളജിലെ സഹപാഠിയായിരുന്ന ഇപ്പോഴത്തെ എംപി ഹൈബി ഈഡന്‍റെ പിന്തുണയും രാഷ്ട്രീയ വളര്‍ച്ചയില്‍ റോജിക്ക് തുണയായി.2014ല്‍ എന്‍എസ് യു ഐ ദേശീയ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു.

രാഹുല്‍ഗാന്ധി മുന്‍കൈയെടുത്തതോടെ 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അങ്കമാലി സീറ്റ് ജേക്കബ് ഗ്രൂപ്പില്‍ നിന്ന് പിടിച്ചു വാങ്ങി കോണ്‍ഗ്രസ് റോജിക്ക് കൊടുത്തു. പിന്നെയിങ്ങോട്ട് തുടര്‍ച്ചയായ വിജയങ്ങള്‍. പത്താണ്ടുകാലത്തെ പിണറായി ഭരണകാലത്ത് നിയമസഭയില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ പ്രതിപക്ഷ യുവനിരയില്‍ റോജിയുമുണ്ടായിരുന്നു.

ക്രൈസ്തവ സഭ നേതൃത്വങ്ങളുമായി പുലര്‍ത്തുന്ന അടുത്ത ബന്ധവും രാഷ്ട്രീയ വളര്‍ച്ചയില്‍ റോജിക്ക് കരുത്തായി. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ തടവിലാക്കപ്പെട്ടപ്പോള്‍ ഇടപെടലിനായി കോണ്‍ഗ്രസയച്ച സംഘത്തിലും റോജിയുണ്ടായിരുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ ഏത് ചേരിയിലാണ് റോജിയെന്ന് ചോദിച്ചാല്‍ നേതാക്കള്‍ പോലും കണ്‍ഫ്യൂഷനിലാവും. ഒരേ സമയം രമേശുമായും കെസിയുമായും സതീശനുമായും ബെന്നി ബെഹനാനുമായും അടുപ്പം പുലര്‍ത്തുന്നിടത്താണ് സൗമ്യനായ റോജിയിലെ രാഷ്ട്രീയതന്ത്രജ്ഞത വെളിപ്പെടുന്നത്. ആ രാഷ്ട്രീയ നയതന്ത്രം തന്നെയാണ് സര്‍വസ്വീകാര്യനായി മന്ത്രിസഭയിലെത്താന്‍ റോജിയ്ക്ക് വഴിയൊരുക്കിയതും.