ഷാനവാസ്- ബിന്നി പ്രശ്‍നത്തില്‍ സീരിയല്‍ താരം സാജൻ സൂര്യ അഭിപ്രായപ്പെട്ടത് ഇങ്ങനെ.

ബിഗ്ബോസ് സീസൺ 7 ൽ മിനിസ്ക്രീൻ താരങ്ങളായ ബിന്നിയും ഷാനവാസും തമ്മിലുണ്ടായ വഴക്കുകളിൽ പ്രധാന കാരണങ്ങളിലൊന്നായിരുന്നു ബിന്നിയുടെ ഭർത്താവും നടനുമായ നൂബിൻ ബെന്നിയെ ഷാനവാസ് പെൺകോന്തൻ എന്നു വിശേഷിപ്പിച്ചത്. ഇക്കാര്യത്തിൽ പ്രതികരണവുമായി നൂബിൻ രംഗത്തെത്തുകയും ചെയ്തിരുന്നു. ചെറുപ്പം മുതൽ വീട്ടുജോലിയിൽ മമ്മിയെ സഹായിക്കുന്ന ആളാണ് താനെന്നും ഭാര്യയേയും അതുപോലെ തന്നെ സഹായിക്കുന്നുണ്ടെന്നും നൂബിൻ പറഞ്ഞിരുന്നു. കുടുംബത്തിന് വേണ്ടി ജോലി ചെയ്യുന്നത് കൊണ്ടാണ് പെൺകോന്തനെന്ന് വിളിച്ചതെങ്കിൽ താൻ അത് സന്തോഷപൂർവം സ്വീകരിക്കുമെന്നും നൂബിൻ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ സാജൻ സൂര്യ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഗീതാഗോവിന്ദം സീരിയലിൽ ബിന്നിയുടെ നായകനായി അഭിനയിച്ചത് സാജൻ സൂര്യ ആയിരുന്നു.

നൂബിനെ പെൺകോന്തൻ എന്നു വിളിച്ചെങ്കിൽ താനും പെൺകോന്തൻ ആണെന്നും സാജൻ സൂര്യ പറയുന്നു. ''പെൺകോന്തൻ എന്ന വാക്ക് ഉപയോഗിച്ചത് മോശമായി പോയി. അങ്ങനെ ആണെങ്കിൽ ഞാനും പെൺ കോന്തൻ ആണ്. വീട്ടിലെ എല്ലാ ജോലിയും ചെയ്യുന്നയാളാണ്. വീട്ടിൽ ചിക്കൻ മേടിച്ച് അത് കഴുകി, അവിടെ മുഴുവൻ തുടച്ചു നിൽക്കുമ്പോളാണ് ഈ വീഡിയോ ഞാൻ കാണുന്നത്.

ഞാൻ ഷാനുവിനെ അല്ല പറഞ്ഞത്. ആ പറഞ്ഞ വാക്കിനെ ആണ്. ഗെയിം എന്ന് പറഞ്ഞാൽ നാളെ കഴിയും, പിന്നെയും നമ്മൾ ഇൻഡസ്ട്രിയിൽ കാണാൻ ഉള്ള ആളുകൾ അല്ലേ. അവനെ പ്രൊവോക്ക് ചെയ്തപ്പോൾ പറഞ്ഞു പോയതായിരിക്കും എന്ന് എനിക്കു തോന്നുന്നു. പക്ഷേ വീട്ടിൽ ഇരിക്കുന്ന ആളുകളെ ഒന്നും പറയാൻ പാടില്ല. അത് ശരിയല്ല'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി സാജൻ സൂര്യ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക