Asianet News MalayalamAsianet News Malayalam

'അണ്ണാ എന്നു വിളിച്ച് ഓടിയെത്താന്‍ ഇനിയാ ആറരയടി പൊക്കക്കാരനില്ല'; ക്രിസ്‍തുദാസിന്‍റെ ഓര്‍മ്മയില്‍ സലിം കുമാര്‍

'വർഷങ്ങൾക്ക്‌ മുൻപ് 'താണ്ഡവം' എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ വച്ചാണ് ഞാൻ ദാസിനെ ആദ്യമായി കാണുന്നത്. ഒരു ആറ് ആറര അടി പൊക്കക്കാരൻ. ഷൂട്ടിംഗ് തടസ്സപ്പെടാതിരിക്കാൻ ആളുകളെ നിയന്ത്രിക്കുക എന്ന ജോലി ആയിരുന്നു ദാസിന്..'

salim kumar remembers maranalloor das
Author
Thiruvananthapuram, First Published Jun 12, 2020, 10:51 PM IST

ലൊക്കേഷനുകളിലെ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ മാറനല്ലൂര്‍ ദാസ് എന്ന ക്രിസ്‍തുദാസിന്‍റെ (47) മരണം സിനിമാലോകം വേദനയോടെയാണ് കേട്ടത്. മാറനല്ലൂര്‍ ദാസ് സിനിമക്കാര്‍ക്ക് എത്രത്തോളം വേണ്ടപ്പെട്ടവനായിരുന്നെന്നതിന്‍റെ പ്രതിഫലനമായിരുന്നു മരണത്തില്‍ അനുശോചിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍. മോഹന്‍ലാലും മമ്മൂട്ടിയും ദുല്‍ഖറും പൃഥ്വിരാജും എന്നുതുടങ്ങി മിക്ക താരങ്ങളും ദാസിന് ആദരാഞ്ജലികള്‍ നേര്‍ന്നു. ഇപ്പോഴിതാ ദാസ് തനിക്ക് എത്രത്തോളം പ്രിയങ്കരനായിരുന്നുവെന്ന് അല്‍പം ദീര്‍ഘമായിത്തന്നെ പറയുകയാണ് സലിം കുമാര്‍. 'താണ്ഡവം' എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നാരംഭിക്കുന്ന ദാസുമായുള്ള അടുപ്പത്തെക്കുറിച്ച് പറയുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ സലിം കുമാര്‍.

ക്രിസ്തുദാസുമായുള്ള അടുപ്പത്തെക്കുറിച്ച് സലിം കുമാര്‍

ദാസ് എന്ന സിനിമാക്കാരനെ ഒരുപക്ഷെ നിങ്ങൾക്ക് അറിയില്ലായിരിക്കാം. പക്ഷെ നിങ്ങൾ കാണുന്ന സിനിമകളിളെല്ലാം ആരാലും ശ്രദ്ധിക്കപ്പെടാതെ തന്‍റെ ജോലി വളരെ കൃത്യമായി ചെയ്തിരുന്ന ഒരാൾ, അതായിരുന്നു ദാസ് എന്ന് വിളിക്കുന്ന ക്രിസ്തു ദാസ്. വർഷങ്ങൾക്ക്‌ മുൻപ് 'താണ്ഡവം' എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ വച്ചാണ് ഞാൻ ദാസിനെ ആദ്യമായി കാണുന്നത്. ഒരു ആറ് ആറര അടി പൊക്കക്കാരൻ. ഷൂട്ടിംഗ് തടസ്സപ്പെടാതിരിക്കാൻ ആളുകളെ നിയന്ത്രിക്കുക എന്ന ജോലി ആയിരുന്നു ദാസിന്. അന്ന് തുടങ്ങിയ പരിചയം പിന്നീട് സൗഹൃദം ആയി മാറുകയായിരുന്നു. കുറച്ചു കാലങ്ങൾക്ക് മുൻപ് ഒരു ലോക്കേഷനിൽ സെക്യൂരിറ്റി ഡ്രസ്സിൽ ദാസിനെ കണ്ടപ്പോഴാണ് അദ്ദേഹം ഒരു സെക്യൂരിറ്റി ടീം തന്നെ രൂപീകരിച്ച വിവരം എന്നോട് പറഞ്ഞത്. മലയാളത്തിലെ ഒട്ടുമിക്ക സിനിമകളിലും ദാസിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നു, പ്രത്യേകിച്ച് സൂപ്പർ താര ചിത്രങ്ങളിൽ. ദാസിനോട് സ്നേഹമുള്ള ചില സംവിധായകർ അല്ലറ ചില്ലറ വേഷങ്ങളും അദ്ദേഹത്തിന് നൽകി സന്തോഷിപ്പിക്കുമായിരുന്നു. മലയാള സിനിമയിലെ ഒരാളും ദാസിനെ മാറ്റി നിര്‍ത്തിയിരുന്നില്ല. എന്നും ചേർത്ത് നിർത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. ഒരു സെക്യൂരിറ്റിക്കാരന്‍റെ ധാർഷ്ട്യങ്ങള്‍ ഒന്നും ഷൂട്ടിംഗ് കാണാൻ നിൽക്കുന്ന ആളുകളോടും അദ്ദേഹം കാണിച്ചിരുന്നില്ല. അവരോടും വളരെ നയപരമായിട്ടേ അദ്ദേഹം പെരുമാറിയിരുന്നുള്ളൂ.

ഏഷ്യാനെറ്റ്‌, മനോരമ അവാർഡ് നൈറ്റ് പോലുള്ള പ്രോഗ്രാമുകൾ, സിനിമക്കാരുടെ വിവാഹങ്ങൾ, മരണങ്ങൾ അങ്ങിനെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിളും ദാസിന്‍റെ സാന്നിധ്യം സജീവമായിരുന്നു. ഇന്ന് ദാസ് മരണപ്പെട്ടു എന്ന വാർത്ത വല്ലാത്ത ഒരു മരവിപ്പായിരുന്നു എന്നിൽ ഉളവാക്കിയത്. എന്നിൽ മാത്രമല്ല മലയാളസിനിമയ്ക്ക് മുഴുവനും ആ വാർത്തയെ അങ്ങനെയേ കാണാൻ പറ്റൂ. ഒരു ആളെ മാറ്റലുകാരന്‍റെ മരണം മലയാള സിനിമ വളരെ ദുഃഖത്തോടെ കാണണമെങ്കിൽ അയാൾ അവിടെ ചെയ്തിട്ടുള്ള സേവനങ്ങൾ എത്ര ഹൃദയശുദ്ധിയോടെ ആയിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. കൊറോണയുടെ കാഠിന്യം കുറഞ്ഞാൽ ഒരുപക്ഷെ സിനിമാ ഷൂട്ടിംഗുകൾ പുനരാരംഭിച്ചേക്കാം. പക്ഷേ അന്ന് അണ്ണാ എന്ന് വിളിച്ചുകൊണ്ട് ഓടിയെത്താൻ ഒരു ആറ് ആറരയടി പൊക്കക്കാരൻ ഉണ്ടാവില്ല എന്ന് ഓർക്കുമ്പോൾ... പ്രണാമം സഹോദരാ.

Follow Us:
Download App:
  • android
  • ios