സല്‍മാന്‍ ഖാന്‍ നായകനായെത്തിയ ബോളിവുഡ് ആക്ഷന്‍ ചിത്രമായിരുന്നു 'കിക്ക്'. പ്രമുഖ നിര്‍മ്മാതാവ് സാജിദ് നദിയാദ് വാലയുടെ സംവിധായക അരങ്ങേറ്റ ചിത്രം 2014ലാണ് പുറത്തെത്തിയത്. ജാക്വലിന്‍ ഫെര്‍ണാണ്ടസ് ആയിരുന്നു നായിക. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാംഭാഗവും പുറത്തെത്തുന്നു. രണ്ടാംഭാഗത്തിലും സല്‍മാന്‍ ഖാനും ജാക്വലിനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാക്വലിന്‍ ഫെര്‍ണാണ്ടസിന്‍റെ പിറന്നാള്‍ ദിനത്തിലാണ് 'കിക്ക് 2'ന്‍റെ പ്രഖ്യാപനം വന്നിരിക്കുന്നത്.

'ഡെവിള്‍' എന്നറിയപ്പെടുന്ന ദേവി ലാല്‍ സിംഗ് എന്ന മോഷ്‍ടാവായിരുന്നു 'കിക്ക്' എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍റെ കഥാപാത്രം. ഒരു മനോരോഗവിദഗ്‍ധയായിരുന്നു ചിത്രത്തില്‍ ജാക്വലിന്‍റെ കഥാപാത്രം. രണ്‍ദീപ് ഹൂദ, നവാസുദ്ദീന്‍ സിദ്ദിഖി, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങി വലിയ താരനിരയും അണിനിരന്നിരുന്നു ആദ്യഭാഗത്തില്‍. ഇവരില്‍ ആരൊക്കെ പുതിയ ചിത്രത്തില്‍ ഉണ്ടാവുമെന്ന് അറിവായിട്ടില്ല.

അതേസമയം സല്‍മാന്‍ ഖാന്‍റേതായി നാല് സിനിമകള്‍ കൂടി പ്രൊഡക്ഷനിലുണ്ട്. പ്രഭുദേവ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ 'രാധെ', അഭിരാജ് മിനാവാല സംവിധാനം ചെയ്യുന്ന 'ഗണ്‍സ് ഓഫ് നോര്‍ത്ത്', സാജിദ് നദിയാദ് വാല നിര്‍മ്മിച്ച് ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന 'കഭി ഈദ് കഭി ദിവാലി', കത്രീന കൈഫിനൊപ്പമെത്തുന്ന 'ടൈഗര്‍ 3' എന്നിവയാണ് സല്‍മാന്‍ ഖാന്‍റേതായി പുറത്തുവരാനിരിക്കുന്ന മറ്റു സിനിമകള്‍.