നടൻ സല്‍മാൻ ഖാന് വധ ഭീഷണി. കൃഷ്‍ണ മൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ വിചാരണ പുരോഗമിക്കുന്നതിനിടയിലാണ് ബിഷ്‍ണോയ് സമുദായത്തിന്റെ പേരില്‍ വധ ഭീഷണി. സാമൂഹ്യമാധ്യമത്തിലൂടെയാണ് വധ ഭീഷണി.

ഗാരി ഷൂട്ടര്‍ എന്നയാളാണ് ഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യൻ നിയമത്തിൽ നിന്ന് രക്ഷപ്പെട്ടാലും ബിഷ്ണോയ് നിയമത്തിൽ നിന്ന് സൽമാൻ ഖാൻ രക്ഷപ്പെടില്ലെന്ന് ഗാരി ഷൂട്ടര്‍ പറയുന്നു. കൃഷ്‍ണമൃഗത്തെ ദൈവമായി കാണുകയും മൃഗങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നവരാണ് ബിഷ്ണോയ് വിഭാഗം.

കൃഷ്‍ണമൃഗത്തെ കൊന്ന കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 27ന് ഹാജരാകാൻ സല്‍മാൻ ഖാനോട് ജോധ്പുര്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയില്ലെങ്കില്‍ സല്‍മാൻ ഖാന്റെ ജാമ്യം റദ്ദ് ചെയ്യുമെന്നും കോടതി അറിയിച്ചിരുന്നു. 1998 സെപ്‍റ്റംബര്‍ 26,28 തിയ്യതികളിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം.  ഹം സാത് സാത് ഹെയ്ൻ എന്ന  സിനിമയുടെ ഷൂട്ടിംഗ് നടന്ന സമയത്തായിരുന്നു സംഭവം. സല്‍മാൻ ഖാൻ രണ്ട് കൃഷ്‍ണമൃഗത്തെ വേട്ടയാടിക്കൊന്നുവെന്നായിരുന്നു കേസ്. സിനിമയുമായി ബന്ധപ്പെട്ട സൊനാലി ബെന്ദ്രെ, സെയ്‍ഫ് അലി ഖാൻ, താബു, നീലം എന്നിവര്‍ക്കെതിരെയും കേസുണ്ടായിരുന്നു.  കേസില്‍ 2007ല്‍ സല്‍മാൻ അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ ഒരാഴ്‍ചയ്‍ക്ക് ശേഷം സല്‍മാൻ ഖാൻ ജാമ്യത്തിലിറങ്ങുകയും ചെയ്യുകയായിരുന്നു.