കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് നിര്‍ത്തിവച്ചിരുന്ന സിനിമാ ചിത്രീകരണങ്ങളില്‍ ബഹുഭൂരിപക്ഷവും ഇനിയും പുനരാരംഭിച്ചിട്ടില്ല. ലോക്ക് ഡൗണ്‍ ഇളവുകള്‍ക്കനുസരിച്ച് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കര്‍ശന നിബന്ധനകളോടെ സിനിമാചിത്രീകരണത്തിന് അനുമതി നല്‍കിയിരുന്നുവെങ്കിലും കൊവിഡ് സാഹചര്യം മാറാതെ ഔട്ട്ഡോര്‍ ചിത്രീകരണമുള്‍പ്പെടെ സാധ്യമല്ല. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാവ്യവസായമായ ബോളിവുഡിലും സ്ഥിതി മറ്റൊന്നല്ല. കൊവിഡ് ഭീഷണി കുറഞ്ഞ് ചിത്രീകരണം സാധാരണ മട്ടില്‍ തുടങ്ങാനാവുന്നതും കാത്തിരിക്കുകയാണ് ബോളിവുഡ്. താരങ്ങളുടെ കൂട്ടത്തില്‍ എണ്ണത്തില്‍ ഏറെ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളത് സല്‍മാന്‍ ഖാനാണ്. ചിത്രീകരണം ഭൂരിഭാഗവും പൂര്‍ത്തിയായ ഒരു സിനിമയുള്‍പ്പെടെ നാല് സിനിമകളാണ് സല്‍മാന് പൂര്‍ത്തിയാക്കാനുള്ളത്.

പ്രഭുദേവ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ 'രാധെ' ആണ് കൊവിഡ് സ്ഥിതി മാറി സാധാരണനിലയില്‍ ചിത്രീകരണം സാധ്യമായാല്‍ സല്‍മാന്‍ ആദ്യം പൂര്‍ത്തിയാക്കുക. പത്ത് ദിവസത്തെ ചിത്രീകരണം മാത്രമാണ് ഇതിനു പൂര്‍ത്തിയാക്കാനുള്ളത്. കൊവിഡ് സ്ഥിതി മാറുന്നതനുസരിച്ച് ഒക്ടോബറിലോ നവംബറിലോ രാധെയുടെ ചിത്രീകരണം നടത്താനാവുമെന്നാണ് അണിയറക്കാര്‍ കരുതുന്നത്. തന്‍റെ സഹോദരീഭര്‍ത്താവ് ആയുഷ് ശര്‍മ്മയ്ക്കൊപ്പം അഭിനയിക്കുന്ന 'ഗണ്‍സ് ഓഫ് നോര്‍ത്ത്' എന്ന ചിത്രത്തിലാണ് 'രാധെ'യ്ക്കു ശേഷം സല്‍മാന്‍ അഭിനയിക്കുക. മറാത്തിയിലെ ഹിറ്റ് ചിത്രം 'മുല്‍ഷി പാറ്റേണി'നെ ആസ്‍പദമാക്കി അഭിരാജ് മിനാവാല സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഹുസൈന്‍ ദലാല്‍ ആണ്. ഏപ്രിലില്‍ ദില്ലിയില്‍ ചിത്രീകരണം തുടങ്ങാനിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു.

 

സാജിദ് നദിയാവാല നിര്‍മ്മിച്ച്, ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന 'കഭി ഈദ് കഭി ദിവാലി', കത്രീന കൈഫിനൊപ്പമെത്തുന്ന 'ടൈഗര്‍ 3' എന്നിവയാണ് സല്‍മാന് പൂര്‍ത്തിയാക്കാനുള്ള മറ്റു രണ്ട് പ്രോജക്ടുകള്‍. ഈ നാല് ചിത്രങ്ങള്‍ കൂടാതെ തന്‍റെ നിര്‍മ്മാണക്കമ്പനിക്കുവേണ്ടി മൂന്നോളം തിരക്കഥകളും സല്‍മാന്‍ ഉറപ്പിച്ചിട്ടുണ്ടെന്നും താരനിര്‍ണ്ണയം പൂര്‍ത്തിയാവുന്ന മുറയ്ക്ക് അവ അനൗണ്‍സ് ചെയ്യപ്പെടുമെന്നും മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കൊവിഡ് ആരംഭിച്ചതിനു ശേഷം പന്‍വേലിലെ ഫാം ഹൗസിലാണ് മാസങ്ങളായി സല്‍മാന്‍ ഖാന്‍.