Asianet News MalayalamAsianet News Malayalam

'അക്കാദമിക്ക് ചരിത്രം മാപ്പ് നല്‍കില്ല'; ഐഎഫ്എഫ്‌കെയില്‍ നിന്ന് 'ചോല' പിന്‍വലിക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധരന്‍

"ഇതിപ്പോള്‍ നാണംകെട്ട ഒരു സ്ഥിരം പരിപാടിയായതുകൊണ്ട് വ്യക്തിപരമായ നീക്കങ്ങള്‍ക്കെതിരെയൊന്നും ഒരുവാക്കും പറയില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്. പക്ഷേ ഒരു ജനാധിപത്യ സര്‍ക്കാര്‍ സംവിധാനത്തെ ഉപയോഗിച്ചുകൊണ്ടും മധ്യവര്‍ത്തി കമേഴ്‌സ്യല്‍ സിനിമകളെ ഉപയോഗിച്ചുകൊണ്ടും നിലനില്പിനായി പെടാപ്പാടുപെടുന്ന സ്വതന്ത്ര ചലച്ചിത്രപ്രവര്‍ത്തകരെ നശിപ്പിക്കാന്‍ നടത്തുന്ന ഒരു അളിഞ്ഞ സ്ഥാപനമായി ചലച്ചിത്ര അക്കാഡമിയെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കപ്പെടണം."

sanal kumar sasidharan withdraws his film chola from iffk
Author
Thiruvananthapuram, First Published Oct 27, 2019, 4:25 PM IST
  • Facebook
  • Twitter
  • Whatsapp

കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ സിനിമകളുടെ തെരഞ്ഞെടുപ്പിനെതിരേ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഫെസ്റ്റിവലിലെ 'മലയാള സിനിമ ഇന്ന്' വിഭാഗത്തിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമല്ലെന്നും അതിനാല്‍ മറ്റൊരു വിഭാഗത്തില്‍ ഇടം ലഭിച്ച തന്റെ പുതിയ ചിത്രം 'ചോല' പ്രതിഷേധാര്‍ഥം മേളയില്‍ നിന്ന് പിന്‍വലിക്കുകയാണെന്നും സനല്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'24-ാമത് ഐഎഫ്എഫ്‌കെയിലെ കലൈഡോസ്‌കോപ്പ് വിഭാഗത്തിലേക്കാണ് ചോല ക്ഷണിക്കപ്പെട്ടത്. സന്തോഷം തോന്നിയെങ്കിലും മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്ക് സിനിമകള്‍ തെരഞ്ഞെടുത്ത രീതിയില്‍ പ്രതിഷേധിച്ച് ചിത്രം പിന്‍വലിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു മേളയില്‍ പങ്കെടുക്കുക എന്നത് എന്റെ ഭാഗത്തുനിന്നുണ്ടാകാവുന്ന ഒരു വലിയ നിരുത്തരവാദിത്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചോല ഉടന്‍ തീയേറ്ററുകളിലെത്തും.', സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മേളയിലെ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ പ്രതിഷേധിച്ചുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'റിഫോം ദി ഐഎഫ്എഫ്‌കെ'യെ താന്‍ പിന്തുണയ്ക്കുന്നുവെന്നും എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ചലച്ചിത്ര അക്കാദമിയുടെ മേള നടത്തിപ്പിനെ വിമര്‍ശിച്ച് വിശദമായ കുറിപ്പും സനല്‍ ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട്. 

sanal kumar sasidharan withdraws his film chola from iffk

സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് കുറിപ്പ്

ചലചിത്രവിരുദ്ധതയുടെയും അധികാരഗര്‍വിന്റെയും കേവലവ്യക്തിപ്രതികാരങ്ങളുടെയും കൂമ്പാരമായി കേരള ചലച്ചിത്ര അക്കാദമിയും ഐഎഫ്എഫ്‌കെയുടെ നടത്തിപ്പും മാറിയിട്ട് കുറേക്കാലമായി. നരണിപ്പുഴ ഷാനവാസിന്റെ കരി എന്ന മനോഹരമായ ചിത്രത്തെ അവഗണിച്ച്, ഇന്ന് ആ സിനിമകളുടെ സംവിധായകര്‍ പോലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ചില ചിത്രങ്ങളെ തിരുകിക്കയറ്റിയ 2015 മുതല്‍ ഐഎഫ്എഫ്‌കെയും ചലച്ചിത്ര അവാര്‍ഡുകളും കലാരൂപമെന്ന രീതിയില്‍ എക്കാലത്തും അടയാളപ്പെടുത്തേണ്ടുന്ന സ്വതന്ത്ര സിനിമകളുടെ കശാപ്പ്‌ചോരയൊഴുകുന്ന അഴുക്കുചാലാണ്. ഷെറി ഗോവിന്ദന്റെ കഖഗഘങ, സന്തോഷ് ബാബുസേനന്‍, സതീഷ് ബാബുസേനന്മാരുടെ സുനേത്ര, സുദേവന്‍ പെരിങ്ങോടിന്റെ അകത്തോ പുറത്തോ, സുദീപ് ഇളമണ്ണിന്റെ സ്ലീപ്ലെസ്ലി യുവെഴ്‌സ് എന്നിങ്ങനെ നീളുന്നു കൊല്ലപ്പെട്ട ചിത്രങ്ങളുടെ പട്ടിക. കഴിഞ്ഞ മൂന്നുവര്‍ഷമായി ചലചിത്ര അക്കാദമി മികച്ച ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡ് കൊടുത്താദരിച്ച ചിത്രങ്ങള്‍ കണ്ടവര്‍ക്കറിയാം എന്താണ് അക്കാദമിക്ക് സംഭവിച്ചതെന്ന്. ആ ചിത്രങ്ങളുടെ സംവിധായകര്‍ക്ക് പോലും അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം ആ ചിത്രങ്ങള്‍ അര്‍ഹതയില്ലായ്മയുടെ ഒരു കൈപ്പോടെയേ കണ്ടിരിക്കാന്‍ കഴിയൂ എന്നും അക്കാദമിക്ക് ചരിത്രം മാപ്പുനല്‍കില്ല എന്നും എനിക്കുറപ്പാണ്. എതിര്‍ സ്വരമുന്നയിച്ചവര്‍ക്കും പ്രതിഷേധപ്രകടനം നടത്തിയവര്‍ക്കും അന്നുമുതല്‍ ഇന്നുവരെ പ്രതികാരസമീപനങ്ങള്‍ നേരിടേണ്ടി വരുന്നു. അവാര്‍ഡുസമിതികളിലും ഐഎഫെഫ്‌കെ തെരെഞ്ഞെടുപ്പിലുമെല്ലാം ഒന്നുകില്‍ വായില്ലാക്കുന്നിലപ്പന്മാരെയോ അല്ലെങ്കില്‍ വിനീതവിധേയന്മാരെയോ അല്ലെങ്കില്‍ വയസന്‍സിംഹഗര്‍വുകളേയോ തിരുകിക്കയറ്റിയാണ് അക്കാദമിയിലെ തലപ്പത്തിരിക്കുന്ന മഹാന്മാരും മഹതികളും പ്രതികാരം ചെയ്യുന്നത്. ഇതിപ്പോള്‍ നാണംകെട്ട ഒരു സ്ഥിരം പരിപാടിയായതുകൊണ്ട് വ്യക്തിപരമായ നീക്കങ്ങള്‍ക്കെതിരെയൊന്നും ഒരുവാക്കും പറയില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്. പക്ഷേ ഒരു ജനാധിപത്യ സര്‍ക്കാര്‍ സംവിധാനത്തെ ഉപയോഗിച്ചുകൊണ്ടും മധ്യവര്‍ത്തി കമേഴ്‌സ്യല്‍ സിനിമകളെ ഉപയോഗിച്ചുകൊണ്ടും നിലനില്പിനായി പെടാപ്പാടുപെടുന്ന സ്വതന്ത്ര ചലച്ചിത്രപ്രവര്‍ത്തകരെ നശിപ്പിക്കാന്‍ നടത്തുന്ന ഒരു അളിഞ്ഞ സ്ഥാപനമായി ചലച്ചിത്ര അക്കാഡമിയെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കപ്പെടണം. ഈ യജ്ഞത്തില്‍ അക്കാഡമിയെ സഹായിക്കാന്‍ അസൂയകളും കുശുമ്പുകളും ഗര്‍വ്വങ്ങളും തലക്കുപിടിച്ച ബുദ്ധിജീവിസിനിമാസമൂഹവുമുണ്ട്. ഇത് എത്രനാള്‍ മുന്നോട്ടുപോകുമെന്നറിയില്ല. പക്ഷേ ഒരുകാര്യം ഉറപ്പാണ് വിമര്‍ശനങ്ങളെയും വിമതശബ്ദങ്ങളെയും മനപൂര്‍വം അവഗണിച്ചും അവഹേളിച്ചും ഒതുക്കാമെന്നാണ് ചലച്ചിത്ര അക്കാദമിയുടെ ചിന്ത. അത് എല്ലാക്കാലത്തും നടക്കില്ല. ഒരാളെയോ രണ്ടാളെയോ നിങ്ങള്‍ക്ക് ഒതുക്കാം. ആളെണ്ണം കൂടുമ്പോള്‍ നിങ്ങള്‍ക്ക് തലകുമ്പിട്ട് നില്‍ക്കേണ്ടിവരും. Reform_The_IFFK

Follow Us:
Download App:
  • android
  • ios