ലഹരിമരുന്ന് കേസില്‍ കന്നഡയിലെ രണ്ട് സിനിമ അഭിനേതാക്കളോട് ഹാജരാകാൻ ആവശ്യപ്പെട്ട് സെൻട്രല്‍ ക്രൈം ബ്രാഞ്ച് ഓഫ് ബെംഗ്ലൂരു സമൻസ് അയച്ചു. ദിഗന്ത്, ഐന്ദ്രിത റായ് എന്നിവരോട് നാളെ 11 മണിയോടെ സിസിബിക്ക് മുമ്പാകെ ഹാജരാകാൻ ആണ് ആവശ്യപ്പെട്ടിട്ടുള്ളത്.

കന്നഡ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതിമാരാണ് ദിഗന്തും ഐന്ദ്രിതയും.  2018ലാണ് ഇരുവരും വിവാഹിതരായത്. പതിനഞ്ച് വര്‍ഷമായി സിനിമാ മേഖലയിലുള്ള നടനാണ് ദിഗന്ത്. ഐന്ദ്രിത മുപ്പതോളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡയിലെ പ്രമുഖ അഭിനേതാക്കളായ രാഗിണി ദ്വിവേദി, സഞ്‍ജന ഗല്‍റാണി എന്നിവര്‍ ലഹരി മരുന്ന് കേസില്‍ ജയിലില്‍ കഴിയുകയാണ്. കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുന്നുവെന്നാണ് സൂചനകള്‍.