ബുസാൻ അന്താരാഷ്ട ചലച്ചത്രോത്സവത്തിലെ ഹൈലൈഫ് വിഷൻ അവാർഡ് ആണ് സഞ്ജു സുരേന്ദ്രന്റെ 'ഇഫ് ഓൺ എ വിന്റേഴ്സ് നൈറ്റ്' സ്വന്തമാക്കിയിരിക്കുന്നത്.
ദക്ഷിണ കൊറിയയിലെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാരനേട്ടവുമായി സഞ്ജു സുരേന്ദ്രന്റെ 'ഇഫ് ഓൺ എ വിന്റേഴ്സ് നൈറ്റ്' (ഖിഡ്‌കി ഗാവ്) ഹൈലൈഫ് വിഷൻ അവാർഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. അന്‍ഷുല്‍ ചൗഹാൻ സംവിധാനം ചെയ്ത ‘ടൈഗര്‍’ എന്ന ചിത്രത്തിനൊപ്പമാണ് പുരസ്കാരം പങ്കിട്ടിരിക്കുന്നത്.
റോഷൻ അബ്‌ദുൾ ഗഫൂർ, ഭാനുപ്രിയ ജിതേഷ് റേച്ചൽ സാമുവൽ, ആരതി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. കേരളത്തിൽ നിന്ന് ഡൽഹിയിലെത്തുന്ന കമിതാക്കളുടെ അതിജീവന കഥയാണ് ചിത്രത്തിന്റെ പ്രമേയം.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പായൽ കപാഡിയ
ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിന്റെ സംവിധായിക പായൽ കപാഡിയയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഡോ. സുരേന്ദ്രന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ പ്രമോദ് ശങ്കര്‍, കിരണ്‍ കേശവ് എന്നിവരാണ്. ഡോ. രേഖ രാജ് തിരക്കഥയെഴുതിയ ചിത്രത്തിന്റെ പ്രോജക്ട് ഡിസൈന്‍ ജിബു തോമസും ഛായാഗ്രഹണം മനേഷ് മാധവനും നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് പ്രവീണ്‍ എം. കെ, പ്രൊഡക്ഷന്‍ ഡിസൈന്‍ ദിലീപ് ദാസ്, കലാസംവിധാനം ഫയദോര്‍ സാം ബ്രൂക്ക്, വസ്ത്രാലങ്കാരം ലീന തുഷാര എന്നിവരാണ് നിര്‍വഹിച്ചത്.
ആദ്യ ഫീച്ചർ ഫിലിമായ ഏദനിലൂടെ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ സംവിധായകനാണ് സഞ്ജു സുരേന്ദ്രൻ. എസ് ഹരീഷിന്റെ നാല് ചെറുകഥകളെ ആസ്പദമാക്കിയായിരുന്നു ഏദൻ ഒരുക്കിയത്.



