സഫാരി ചാനലിന് തുടക്കമിട്ട 'സഞ്ചാരം' എന്ന യാത്രാപരിപാടിക്ക് നിമിത്തമായത് മമ്മൂട്ടിയാണെന്ന് സന്തോഷ് ജോർജ് കുളങ്ങര. ചത്താ പച്ചാ സിനിമയുടെ സക്സസ് സെലിബ്രേഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധേയമായ യാത്രാ ചാനലാണ് സഫാരി. സന്തോഷ് ജോർജ് കുളങ്ങരയുടെ നേതൃത്വത്തിലുള്ള ചാനലിന് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ തന്റെ സഞ്ചാരി തുടങ്ങാൻ കാരണമായത് മമ്മൂട്ടിയാണെന്ന് പറയുകയാണ് സന്തോഷ്. ചത്താ പച്ചാ സിനിമയുടെ സക്സസ് സെലിബ്രേഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിക്ക് വേണ്ടി കൊണ്ടുവന്നൊരു ക്യാമറ തന്റെ കയ്യിലെത്തിയതോടെയാണ് എല്ലാം മാറിമറിഞ്ഞതെന്ന് സന്തോഷ് ജോർജ് കുളങ്ങര പറയുന്നു. അന്ന് കേരളത്തിലാദ്യമായാണ് ആ ക്യാമറ വരുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
"ലെൻസ് മാൻ സ്റ്റുഡിയോയുടെ മുന്നിലിരുന്ന് ഒത്തിരി സ്വപ്നങ്ങൾ കണ്ടിട്ടുള്ള ആളാണ് ഞാൻ. അവിടെ നിന്ന് തന്നെയാണ് ഞാനെന്റെ സഞ്ചാരം ആരംഭിച്ചത്. സഞ്ചാരം ആരംഭിക്കുമ്പോൾ, അതിന് നിമിത്തമായ അല്ലെങ്കിൽ അതിന് പ്രകടമല്ലാതെ കാരണക്കാരനായ ഒരു വലിയ മനുഷ്യനുണ്ട്. മമ്മൂക്കയ്ക്ക് പോലും അറിയാത്ത രഹസ്യമാണത്. ഞാനത് പലപ്പോഴും സഞ്ചാരിയുടെ പ്രേക്ഷകരോട് പറഞ്ഞിട്ടുള്ളതാണ്. അങ്ങേയ്ക്ക് വേണ്ടി കൊണ്ടുവന്നതെന്ന് ഷൗക്കത്ത്(ചത്താ പച്ച നിർമാതാവ്) പറഞ്ഞൊരു ക്യാമറ, അത് വഴി തെറ്റി എന്റെ കയ്യിൽ വന്ന്, ആ ക്യാമറയുമായാണ് ഞാൻ സഞ്ചാരം ആരംഭിച്ചത്. ഒരു ദിവസം ലെൻസ് മാനിലേക്ക് പതിവ് പോലെ എഡിറ്റിന് പോയി. അന്ന് കാത്തിരിക്കണം. ഒന്ന് രണ്ട് സ്റ്റുഡിയോകളെ ഉണ്ടായിരുന്നുള്ളൂ. സീരിയലുകളുടെ ഒക്കെ ഇടവേളകളിലാണ് സഞ്ചാരം പോലൊരു ദുർബലമായ പരിപാടിക്ക് എഡിറ്റിനുള്ള അവസരം കിട്ടുന്നത്. അങ്ങനെ ഒരു ദിവസം ഞാൻ ചെല്ലുമ്പോൾ ഷൗക്കത്ത് എന്നോട് പറഞ്ഞു, സന്തോഷേ ഒരു ഗംഭീര അവസരം വന്നിട്ടുണ്ട്. ഒരു നല്ല ക്യാമറ. പത്ത് മിനിറ്റ് അദ്ദേഹം ക്യാമറയെ വർണിച്ചു. എന്നിട്ട് പറഞ്ഞു അതിപ്പോൾ എന്റെ കയ്യിലില്ല. തിരുവനന്തപുരം എയർപോർട്ടിൽ അത് പിടിച്ച് വച്ചിരിക്കുകയാണെന്ന്. കേരളത്തിലേക്ക് ആദ്യമായാണ് ആ ക്യാമറ(ഡിവി) വരുന്നത്. മമ്മൂക്കയ്ക്ക് വേണ്ടി കൊണ്ടുവന്നത്. മമ്മൂക്കയുടെ ആവശ്യപ്രകാരം ഷൗക്കത്ത് കൊണ്ടുവന്ന ക്യാമറയാണ്. അപ്പോഴാണ് എയർപോർട്ടിൽ കുടുങ്ങിപ്പോയത്. ഇത്ര പൈസ കൊടുത്താൽ കൊണ്ടുവരാനാകും എന്ന് അവൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ രണ്ടും തിരുവനന്തപുരത്ത് പോയി ക്യാമറയുമായി വരുന്നു. പക്ഷേ അത് പിന്നീട് മമ്മൂക്കയിലേക്ക് പോയില്ല. എന്റേതായി മാറി. അവിടെന്ന് ഞാൻ നേപ്പാളിലേക്ക് പോയി. അന്നത്തെ സഞ്ചാരമാണ് പിന്നീട് സഫാരിയായി മാറിയത്", എന്നായിരുന്നു സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ.


