ട്രെയിനില്‍ ബാഗ് മോഷണം പോയെന്ന് നടൻ സന്തോഷ് കീഴാറ്റൂര്‍.  തുരന്തോ എക്സ്പ്രസില്‍ വെച്ചാണ് ബാഗ് മോഷണം പോയത്. സംഭവത്തില്‍ സന്തോഷ് കീഴാറ്റൂര്‍ പരാതി നല്‍കിയിട്ടുമുണ്ട്. റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്‍തു. സാമൂഹ്യമാധ്യമത്തില്‍ ലൈവില്‍ വന്നാണ് സന്തോഷ് കീഴാറ്റൂര്‍ ഇക്കാര്യം പറഞ്ഞത്.

 

 

സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ദിവസം എറണാകുളത്ത് തുരന്തോ എക്സ്‍പ്രസില്‍ ബര്‍ത്തില്‍ ബാഗ് വെച്ച് ബാത്ത്റൂമില്‍ പോയതായിരുന്നു. തിരിച്ചുവന്നപ്പോള്‍ ബാഗ് ഇല്ല. ഷോള്‍ഡര്‍ ബാഗ് ആണ്. ആര്‍പിഎഫിന് പരാതിയൊക്കെ നല്‍കിയിരുന്നു. ഇതുവരെ മറുപടിയൊന്നും കിട്ടിയില്ല. സംശയിക്കുന്ന ഒരാളുടെ ഫോട്ടോ അയച്ചുതന്നെ. ആ കമ്പാര്‍ട്‍മെന്റില്‍ യാത്ര ചെയ്‍ത ഒരു കുടുംബം അയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ട്രെയിനില്‍ കയറി വളരെ പെട്ടെന്ന് തന്നെ തിരിച്ചിറങ്ങിയിരുന്നുവെന്ന് പറയുന്നു. എന്തായാലും വളരെയധികം നമ്മളെല്ലാവരും ശ്രദ്ധിക്കണം. എസിയിലാണ് സഞ്ചരിച്ചത്. കുറെക്കൂടി സുരക്ഷയുണ്ടാകുമെന്ന് കരുതി. ബാഗ് പോയത് പറയാൻ ആര്‍പിഎഫുകാരെ കാണാൻ തന്നെ ഒരുപാട് സമയമെടുത്തു. ഡ്യൂട്ടിക്കുള്ള രണ്ട് ആര്‍പിഎഫുകാരുണ്ട്. പാവങ്ങളാണ് എന്ന് വേണമെങ്കില്‍ പറയാം. ഒരു എനര്‍ജിയുമില്ലാതെ. പിന്നീട് ആണ് റെയില്‍ വേ സ്റ്റേഷനില്‍ സിസിടിവിയില്‍ നോക്കിയത്. ഒരു ഗോള്‍ഡൻ ലെതര്‍ ബാഗ് ആണ്. അലക്ഷ്യമായി വലിച്ചെറിഞ്ഞത് ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണം. പൈസയും മറ്റ് വിലപ്പെട്ട കാര്യങ്ങളുമുണ്ട്. അതൊക്കെ എടുത്തോട്ടെ.  പക്ഷേ വിലപ്പെട്ട കുറെ രേഖകളുണ്ട്. അത് തിരിച്ചുതന്നാല്‍ മതി. പാൻ കാര്‍ഡ്, എടിഎം കാര്‍ഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇൻഷ്വറൻസ് കാര്‍ഡ് അതൊക്കെയുണ്ട്. എല്ലാര്‍ക്കും ഇങ്ങനെ സാധനങ്ങള്‍ മോഷണങ്ങള്‍ പോകാറുണ്ട്. പല ആള്‍ക്കാരും തുറന്നുപറയാറില്ല. എന്റെ ബാഗ് മോഷണം പോയത് പറഞ്ഞപ്പോള്‍ പലരും പറഞ്ഞു, എന്റെ ലാപ്‍ടോപ് പോയിട്ടുണ്ട് എന്നൊക്കെ. ട്രെയിനകത്ത് സിസിടിവി ഒന്നും ഇല്ല. ഒരു സുരക്ഷിതത്വവും ഇല്ല. റെയില്‍വേ സ്റ്റേഷൻ പരിസരത്തെങ്ങാനം അലക്ഷ്യമായി ബാഗ് കാണുകയാണെങ്കില്‍ അത് ആര്‍പിഎഫിനെ അറിയിക്കണം. വിലപിടിപ്പുള്ള സാധനങ്ങള്‍ ഉള്ള ബര്‍ത്തില്‍വെച്ച് പോകരുത്. ഐഡന്റിഫൈ ചെയ്‍ത കക്ഷി ക്രിമിനല്‍ പട്ടികയില്‍ ഉള്ളതാണ്.