ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത സർക്കീട്ട് ഒടിടി റിലീസിന് ഒരുങ്ങുന്നു.  ഗൾഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച ചിത്രം ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയാണ്.

മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. ആസിഫ് അലിയെ നായകനാക്കി താമര്‍ സംവിധാനം ചെയ്ത സര്‍ക്കീട്ട് എന്ന ചിത്രമാണ് സ്ട്രീമിം​ഗിന് ഒരുങ്ങുന്നത്. മെയ് 8 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. നാല് മാസത്തിന് ഇപ്പുറമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. മനോരമ മാക്സിലൂടെ സെപ്റ്റംബര്‍ 26 മുതല്‍ ചിത്രം കാണാനാവും. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിച്ച ചിത്രമാണ് ഇത്. ഈ ബാനര്‍ നിര്‍മ്മിക്കുന്ന എട്ടാമത്തെ ചിത്രത്തിന്റെ നിര്‍മ്മാണത്തിൽ ഫ്ളോറിന്‍ ഡൊമിനിക്കും പങ്കാളിയാണ്. കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ വിജയചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയുടേതായി തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു സര്‍ക്കീട്ട്. എന്നാല്‍ തിയറ്ററില്‍ ചിത്രത്തിന് വലിയ വിജയം നേടാനായില്ല. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച 'ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കിയ സർക്കീട്ടിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.

പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച 'സർക്കീട്ട്', യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ഫീൽ ഗുഡ് ഫാമിലി ഡ്രാമ ​ഗണത്തില്‍ വരുന്ന ചിത്രമാണ് ഇത്. ആസിഫ് അലി, ദിവ്യ പ്രഭ എന്നിവരെ കൂടാതെ ദീപക് പറമ്പോൽ, ബാലതാരം ഓര്‍ഹാന്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകര്‍ന്നത്.

ഛായാഗ്രഹണം അയാസ് ഹസൻ, സംഗീതം ഗോവിന്ദ് വസന്ത, എഡിറ്റർ സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ രഞ്ജിത് കരുണാകരൻ, കലാസംവിധാനം വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് സുധി, ലൈൻ പ്രൊഡക്ഷൻ റഹിം പി എം കെ, പോസ്റ്റർ ഡിസൈൻ ആനന്ദ് രാജേന്ദ്രൻ (ഇല്ലൂമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ് എസ്‌ബികെ ഷുഹൈബ്, സിങ്ക് സൗണ്ട് വൈശാഖ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming