ശശികുമാര്‍ നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.


സംവിധായകനായും നടനായും ഒരുപോലെ മികവ് കാട്ടുന്ന താരമാണ് ശശികുമാര്‍ (Sasikumar). തമിഴകത്ത് നവ സിനിമകളുടെ തുടക്കക്കാരനായി ചര്‍ച്ച ചെയ്യപ്പെട്ട സംവിധായകൻ ശശികുമാര്‍ അടുത്തിടെ അഭിനയരംഗത്താണ് സജീവമായുള്ളത്. ഒട്ടേറെ പുതിയ ചിത്രങ്ങളാണ് ശശികുമാറിന്റേതായി പ്രഖ്യാപിക്കപ്പെടുന്നത്. ശശികുമാര്‍ നായകനാകുന്ന പുതിയ ചിത്രം 'അയോധി'യാണ് (Ayodhi) ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചത്.

ആര്‍ മന്തിര മൂര്‍ത്തിയാണ് ( R Manthira Moorthy)'അയോധി' സംവിധാനം ചെയ്യുന്നത്. പുഗഴും (Pugazh) 'അയോധി'യെന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. മധേഷ് മാണിക്യമാണ് (Madhesh Manikyam) ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'അയോധി' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്.

ആര്‍ രവീന്ദ്രനാണ് ചിത്രം നിര്‍മിക്കുന്നത്. ത്രിഡെന്റ് ആര്‍ട്‍സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. എൻ ആര്‍ രഘുനാഥൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കും. 'അയോധി' എന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

'രാജവംശ'മാണ് ശശികുമാര്‍ ചിത്രമായി ഉടൻ റിലീസ് ചെയ്യാനുള്ളത്. കെ വി കതിര്‍വേലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'രാജവംശം' എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ സാം സിഎസ്ആണ്. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ റിലീസ് വൈകിയത്.