മലയാളത്തിലെ മുതിർന്ന സംവിധായകൻ സത്യൻ അന്തിക്കാട്, ചിദംബരത്തിന്‍റെ പുതിയ ചിത്രമായ 'ബാലനെ' പ്രശംസിച്ച് രംഗത്ത്

മലയാളത്തിലെ യുവ സംവിധായക നിരയില്‍ ശ്രദ്ധേയ സ്ഥാനമുള്ളയാളാണ് ചിദംബരം. സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളിലൂടെ മോളിവുഡില്‍ തന്‍റേതായ സ്ഥാനം അദ്ദേഹം നേടിയെടുത്തിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്സ് എന്ന വമ്പന്‍ വിജയചിത്രത്തിന് ശേഷം പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കിയുള്ള ബാലന്‍ എന്ന ചിത്രമാണ് അദ്ദേഹം ഒരുക്കിയത്. തിയറ്ററുകളില്‍ ഇതിനകം എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കന്നഡത്തില്‍ നിന്നുള്ള ബാനറായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇപ്പോഴിതാ ചിത്രം കണ്ട് അതേക്കുറിച്ചുള്ള തന്‍റെ അഭിപ്രായം പങ്കുവച്ച് എത്തിയിരിക്കുകയാണ് മുതിര്‍ന്ന സംവിധായകനായ സത്യന്‍ അന്തിക്കാട്.

സത്യന്‍ അന്തിക്കാടിന്‍റെ വാക്കുകള്‍

വിനോദയാത്രയുടെ സെറ്റിൽ വെച്ചാണ് ചിദംബരത്തെ ആദ്യമായി കാണുന്നത്. അന്ന് ചിദംബരം വെറും 'ബാലൻ' തന്നെ ആയിരുന്നു. അനിയൻ ഗണപതി സിനിമയിൽ അഭിനയിക്കുന്നതു കാണാൻ അമ്മയോടൊപ്പം വന്ന ചേട്ടൻകുട്ടി! സിനിമയിൽ തന്നെയാണ് തനിക്കും താല്പര്യമെന്ന് ആ കുട്ടി അന്ന് പറഞ്ഞത് എനിക്കോർമ്മയുണ്ട്. ഇപ്പോൾ അതിശയിപ്പിക്കുന്ന മൂന്നാമത്തെ സിനിമയുമായി ചിദംബരം നമ്മുടെ മുമ്പിലെത്തിയിരിക്കുന്നു. ബാലൻ കണ്ടപ്പോൾ എനിക്ക് പി എൻ മേനോനെയും ഭരതനെയും കെ ജി ജോർജിനെയുമൊക്കെ ഓർമ്മ വന്നു. ന്യൂജെൻ സിനിമയെപ്പറ്റി ഒരുപാട് തെറ്റിദ്ധാരണകളുള്ള കാലമാണിത്. ഇപ്പോഴത്തെ ട്രെൻഡ് ഇതാണ് എന്ന് കരുതി പുറത്തിറക്കിയ പല സിനിമകളും നിലം തൊടാതെ പോകുന്നത് നമ്മൾ കണ്ടു.

മനസ്സിനെ കൊളുത്തി വലിക്കുന്ന ഒരു വിഷയവും അത് ഭംഗിയായി പറയാനുള്ള മിടുക്കുമുണ്ടെങ്കിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന സിനിമയുണ്ടാകും എന്നതിൻ്റെ ഏറ്റവും പുതിയ തെളിവാണ് ബാലൻ. ഓരോ വാക്കും ഓരോ ഷോട്ടും എത്ര ശ്രദ്ധയോടെയാണ് ചിദംബരം ഒരുക്കിയിട്ടുള്ളത്. ജിത്തു മാധവനും ഷൈജു ഖാലിദുമടക്കമുള്ള മികച്ച ടീമാണ് ചിദംബരത്തിനോടൊപ്പമുള്ളത്. സംഗീതവും എഡിറ്റിംഗും കലാസംവിധാനവുമെല്ലാം ഒരേ താളത്തിൽ ഇഴ ചേർന്നു പോകുന്ന കാഴ്ച!

ഓരോ കഥാപാത്രത്തിനും ഇതിലും യോജിക്കുന്ന മറ്റൊരാളില്ല എന്നുതോന്നിപ്പിക്കുന്ന അഭിനേതാക്കളുടെ നിര. അവരെ കണ്ടെത്തിയ ഗണപതിക്കുമുണ്ട് ഒരു വലിയ സെല്യൂട്ട്. ജീൻ പോൾ ലാൽ പവിത്രനിലൂടെ ഞെട്ടിച്ചു എന്നു തന്നെ പറയണം. ടൊവിനോയുടെ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്. ഒട്ടും താരപരിവേഷമില്ലാതെ സ്വാഭാവികമായി ടൊവിനോ പെരുമാറി. ഫർഹാനയും അമ്മൂമ്മയും ലോറിക്കാരനായി രണ്ട് സീനിൽ വന്നുകസറിയ ആനന്ദ് ഏകർഷിയുമൊക്കെ നമുക്കു കിട്ടിയ വരദാനമാണ്. സംസ്കാരമുള്ള മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖമാണ് ബാലൻ. ഈ സിനിമയുമായി സഹകരിച്ച എല്ലാവർക്കും എൻ്റെ സ്നേഹം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming