മുംബൈ: തന്‍റെ നിലപാടുകൊണ്ട് എന്നും ആരാധകരെ ഞെട്ടിക്കുന്ന നടനാണ് ബോളിവുഡിന്‍റെ ബാദുഷ ഷാരൂഖ് ഖാന്‍. തന്‍റെ കുടുംബത്തില്‍ മതം ചര്‍ച്ചയാകാറില്ലെന്ന് പറഞ്ഞാണ് ഇത്തവണ ഷാരൂഖ് കയ്യെടി നേടുന്നത്. ഒപ്പം എവിടെയൊക്കെ മതം പറയേണ്ടി വരുന്നോ അവിടെയെല്ലാം ഇന്ത്യക്കാരാണെന്ന് പറയാനാണ് മക്കളെ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷകളില്‍ മതം എഴുതിച്ചേര്‍ക്കേണ്ടിടത്ത് ഇന്ത്യന്‍ എന്നാണ് മക്കള്‍ എഴുതുന്നതെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു. 

'' ഹിന്ദുവെന്നോ മുസ്ലീമെന്നോ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. എന്‍റെ ഭാര്യ ഹിന്ദുവാണ്, ഞാന്‍ മുസ്ലീമാണ്, എന്‍റെ മക്കള്‍ ഹിന്ദുസ്ഥാനും. അവര്‍ സ്കൂളില്‍ പോയി തുടങ്ങിയപ്പോള്‍ അവര്‍ക്ക് മതം എഴുതേണ്ടി വന്നു. എന്‍റെ മകള്‍ ഒരു ദിവസം എന്‍റെ അടുത്ത് ചോദിച്ചു, 'എന്താണ് നമ്മുടെ മതം ?' അവളുടെ അപേക്ഷയില്‍ ഞാന്‍ എഴുതി 'ഞങ്ങള്‍ ഇന്ത്യക്കാരാണ്, ഞങ്ങള്‍ക്ക് മതമില്ല'.'' ഒരു ടിവി ഷോക്കിടെ ഷാരൂഖ് വ്യക്തമാക്കി. 

വ്യത്യാസമില്ലാതെ എല്ലാ മതത്തിന്‍റെയുംെ ആഘോഷങ്ങള്‍ ഷാരൂഖിന്‍റെ മന്നത്തില്‍ നടക്കാറുണ്ട്. മറ്റൊരിക്കല്‍ തന്‍റെ മതത്തെക്കുറിച്ച് അദ്ദേഹം പറയുകയുണ്ടായി, ''അഞ്ച് നേരം നമസ്കരിക്കുന്നതിന്‍റെ പേരിലാണെങ്കില്‍ ഞാന്‍ മതവിശ്വാസിയല്ല, എന്നാല്‍ ഞാന്‍ മുസ്ലീം ആണ്. ഇസ്ലാം പ്രമാണങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നു. അത് ഒരു മതവും നല്ല വിജ്ഞാനശാഖയുമാണെന്നും ഞാന്‍ കരുതുന്നു''

ജബ് ഹാരി മെറ്റ് സേജലിന്‍റെയും സീറോയുടെയും പരാജയത്തിന് ശേഷം ഷാരൂഖ് പുതിയ ചിത്രങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. തെന്നിന്ത്യന്‍ സിനിമകളില്‍ ഷാരൂഖ് എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അദ്ദേഹം ഒന്നും സ്ഥിരീകരിച്ചിട്ടില്ല.