ഷാരൂഖ് ഖാൻ, കാജോൾ താര ജോഡികളുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ദില്‍വാലേ ദുല്‍ഹാനിയേ ലേ ജായേങ്കേ. ആദിത്യ ചോപ്ര സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഷാരൂഖിന്റെയും കാജോളിന്റെയും കരിയറില്‍ വലിയ വഴിത്തിരിവ് ഉണ്ടാക്കുകയും ചെയ്തു ഈ സിനിമ. ചിത്രത്തിലെ പല രംഗങ്ങളും സിനിമാ പ്രേമികളുടെ മനസില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. സിനിമയിലെ ക്ലൈമാക്‌സ് രംഗം ഇന്നും ശ്രദ്ധേയമാണ്. 

ഇപ്പോഴിതാ ചിത്രം ഇറങ്ങി 25 വർഷം പൂർത്തിയാകുകയാണ്. ഈ അവസരത്തിൽ ലണ്ടനിലെ ലെയ്‌സെസ്‌റ്റെര്‍ സ്‌ക്വയറില്‍ ഷരൂഖിന്റെയും കാജോളിന്റെയും വെങ്കല പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹാര്‍ട്ട് ഓഫ് ലണ്ടന്‍ ബിസിനസ് അലയന്‍സ്. ലണ്ടന്‍ നഗരത്തില്‍ ചിത്രീകരിച്ച സിനിമയിലെ ഒരു രംഗമാകും ലെയ്‌സെസ്‌റ്റെര്‍ സ്‌ക്വയറില്‍ പുനരാവിഷ്‌കരിക്കപ്പെടുക എന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 

'സീന്‍സ് ഇന്‍ ദ സ്‌ക്വയര്‍' എന്ന മൂവി ട്രയലിന്റെ ഭാഗമായാകും താര ജോഡികളുടെ പ്രതിമയും സ്ഥാപിക്കുക. പ്രശസ്തമായ ലോകസിനിമകളുടെ രംഗങ്ങളും കഥാപാത്രങ്ങളും സീന്‍സ് ഇന്‍ ദ സ്‌ക്വയര്‍ മൂവി ട്രയലിന്റെ ഭാഗമായി ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. 1995 ഒക്ടോബര്‍ 20നായിരുന്നു യഷ് ചോപ്ര ചിത്രം ദില്‍വാലേ ദുല്‍ഹാനിയേ ലേ ജായേങ്കേ റിലീസ് ചെയ്തത്. ഇന്ത്യയിലും വിദേശത്തും മികച്ച കളക്ഷന്‍ ചിത്രം നേടിയിരുന്നു.