ബോളിവുഡിലെ പ്രധാന നിര്‍മ്മാണക്കമ്പനികളിലൊന്നാണ് ഷാരൂഖ് ഖാന്‍റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്. ഇന്നിതാ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് റെഡ് ചില്ലീസ്. 'ലവ് ഹോസ്റ്റല്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആണ്. ഷങ്കര്‍ രാമന്‍ ആണ് രചനയും സംവിധാനവും. 'ഗുര്‍ഗാവോണി'ലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് അദ്ദേഹം.

വിക്രാന്ത് മസേ, സാന്യ മല്‍ഹോത്ര, ബോബി ഡിയോള്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്‍ഡിപെന്‍ഡന്‍റ് പ്രൊഡക്ഷന്‍ ഹൗസ് ആയ ദൃശ്യം ഫിലിംസുമായി ചേര്‍ന്നാണ് ഷാരൂഖ് ഖാന്‍ ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷാദ്യം ചിത്രീകരണം തുടങ്ങി അതേ വര്ഷം റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നത്. റെഡ് ചില്ലീസും ദൃശ്യം ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നിരൂപകശ്രദ്ധ നേടിയ 'കാമ്യാബ്' ആണ് ഇവരുടെ ആദ്യ ചിത്രം. 

അതേസമയം റെഡ് ചില്ലീസിന്‍റെ തൊട്ടുമുന്‍പുള്ള പ്രൊഡക്ഷനായ 'ക്ലാസ് ഓഫ് 83'യിലും ബോബി ഡിയോള്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ വെബ് സിരീസ് നെറ്റ്ഫ്ളിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.