തിരുവനന്തപുരം: നടന്‍ ഷെയ്ന്‍ നിഗവും സിനിമാ നിര്‍മ്മാതാക്കളുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരിച്ച് ഷമ്മി തിലകൻ. സംഘടനകളുടെ നേതൃസ്ഥാനത്തിരിക്കുന്നവരുടെ കൈ ശുദ്ധമായിരിക്കണം. എങ്കിലേ നേതൃത്വം പറയുന്നത് മറ്റുള്ളവർ അനുസരിക്കൂ.  മുതിർന്നവരെ കണ്ടാണ് പുതിയ തലമുറയിലുള്ളവർ പഠിക്കുന്നത്. മുതിർന്ന തലമുറയിലുള്ളവർ ചെയ്യുന്നതെല്ലാം ശരിയാണോയെന്നും  ഇപ്പോഴുള്ള കാര്യങ്ങൾ പറയാൻ മുതിർന്ന തലമുറയ്ക്ക് യോഗ്യതയുണ്ടോ എന്നും ഷമ്മി തിലകൻ ചോദിച്ചു.

അതിനിടെ യുവനടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാക്കള്‍ നിയമനടപടി സ്വീകരിച്ചേക്കും. രണ്ട് സിനിമകൾക്ക് മുടക്കിയ തുക തിരികെ നൽകിയില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഈ മാസം 19 ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. നിര്‍മ്മാതാക്കള്‍ക്കെതിരെ ഷെയ്ന്‍ പരസ്യ വിമര്‍ശനം നടത്തിയതാണ് കാര്യങ്ങള്‍ വീണ്ടും രൂക്ഷമാക്കിയത്. ഷെയ്ൻ നിഗത്തിന്‍റെ വിമര്‍ശനത്തിന് പിന്നാലെ വിലക്ക് നീക്കാനുള്ള ഒത്ത് തീർപ്പ് ചർച്ചകളിൽ നിന്നും അമ്മയും ഫെഫ്കയും പിന്മാറുകയും ഷെയ്ന്‍ മാപ്പ് പറയാതെ സമവായത്തിനില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കുകയും ചെയ്‍തിരുന്നു.