ഷംന കാസിം എന്ന അഭിനേത്രി സിനിമയിലെത്തിയിട്ട് പതിനാറ് വര്‍ഷങ്ങള്‍ ആവുന്നു. കമലിന്‍റെ സംവിധാനത്തില്‍ 2004ല്‍ പുറത്തെത്തിയ 'മഞ്ഞുപോലൊരു പെണ്‍കുട്ടി'യിലൂടെ ആയിരുന്നു ഷംനയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിലും തിരക്കുള്ള നടിയായി. മഞ്ഞുപോലൊരു പെണ്‍കുട്ടി തീയേറ്ററുകളിലെത്തിയ തീയ്യതിയായ 23ന് ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ഫേസ്ബുക്കിലൂടെ ഒരു വീഡിയോ ഷംന പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വീട്ടുകാര്‍ക്കൊപ്പമുള്ള ആഘോഷത്തിന്‍റെ ചിത്രങ്ങളും ഒപ്പം നന്ദിയും പങ്കുവെക്കുകയാണ് ഷംന കാസിം എന്ന പൂര്‍ണ്ണ.

"ഈ 16 വര്‍ഷങ്ങളിലേത് മനോഹരമായ യാത്രയായിരുന്നു. ഒരുപാട് പ്രചോദനവും സ്നേഹവും ലഭിച്ച നല്ല ഓര്‍മ്മകളുള്ള വര്‍ഷങ്ങള്‍. ഒരുപാട് നല്ല മനുഷ്യരെയും ഈ യാത്രയില്‍ പരിചയപ്പെട്ടു. ജീവിതത്തെക്കുറിച്ചും വിജയത്തെക്കുറിച്ചും പണത്തെക്കുറിച്ചും വെറുപ്പിനെക്കുറിച്ചുമൊക്കെ പഠിച്ചു. പക്ഷേ മനുഷ്യര്‍ നല്‍കിയ ഉപാധികളില്ലാത്ത സ്നേഹമാണ് എന്നെ നിലനിര്‍ത്തുന്നത്. എല്ലാവരോടും നന്ദി", ഷംന കുറിച്ചിരുന്നു. 

സമീപകാലത്തായി തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ കൂടിതലായി അഭിനയിച്ചുവരുന്ന ഷംനയുടേതായി നിരവധി ചിത്രങ്ങള്‍ പുറത്തുവരാനുണ്ട്. മലയാളത്തില്‍ മമ്മൂട്ടിയുടെ മധുരരാജയിലും ജയറാം നായകനായ മാര്‍ക്കോണി മത്തായിയിലും ഷംനയ്ക്ക് വേഷമുണ്ടായിരുന്നു.