സൂഫിയും സുജാതയും എന്ന സിനിമ സംവിധാനം ചെയ്‍ത ഷാനവാസ് നരണിപ്പുഴയ്‍ക്ക് ഹൃദയാഘാതം. ഇദ്ദേഹത്തെ കോയമ്പത്തൂര്‍ കെജി ഹോസ്‍പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതീവ ഗുരുതരാവസ്ഥയിലാണ്. 72 മണിക്കൂര്‍ നിരീക്ഷണം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്. മറ്റ് എന്തെങ്കിലും അസുഖമുണ്ടോയെന്ന കാര്യം വ്യക്തമല്ല. പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്.

പുതിയ സിനിമയുടെ എഴുത്തുമായി അട്ടപ്പാടിയിലായിരുന്നു ഷാനവാസ് നരണിപ്പുഴ. ഹൃദയാഘാതമുണ്ടായ ഷാനവാസിനെ സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്ന വഴി രക്തസ്രാവമുണ്ടായി. എഡിറ്ററായി സിനിമ രംഗത്ത് എത്തിയ സംവിധായകനാണ് ഷാനവാസ്. ഷാനവാസിന്റെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമല്ല. ആശുപത്രി അധികൃതര്‍ ഷാനവാസിന്റെ ആരോഗ്യനിലയെ കുറിച്ച് വ്യക്തമാക്കുമെന്നാണ് അറിയുന്നത്.

കരി എന്ന സിനിമയാണ് ഷാനവാസ് ആദ്യമായി സംവിധാനം ചെയ്‍തത്.

സൂഫിയും സുജാതയും എന്ന ചിത്രത്തിനും മികച്ച അഭിപ്രായം ലഭിച്ചിരുന്നു.